sneke
മുഹമ്മദ് ഹിഷാം ആഫ്രിക്കൻ പെരുമ്പാമ്പുകളുമായി

കണ്ണൂർ: കൈയിൽ ചുറ്റാം, കഴുത്തിലിടാം, വീടിനകത്ത് വളർത്താം. എന്നാൽ ആദ്യ കൗതുകം കഴിയുമ്പോൾ സ്വാഭാവികമായി ഉപേക്ഷിക്കപ്പെടും.കിംഗ് കോൺ, മിൽക്ക് സ്‌നേക്കുകൾ, ബ്ലഡ് പൈത്തൺ, കോർപെറ്റ് പൈത്തൺ, വൈറ്റ് ലിപ്പ്ഡ് പൈത്തൺ, ഗ്രീൻ ട്രീ പൈത്തൺ, കെനിയൻ സാൻഡ് ബോഅ തുടങ്ങിയവ ആഫ്രിക്കൻ പെരുമ്പാമ്പിനങ്ങൾ മുതൽ അപൂർവ്വ ഇനം മുതല വരെയുള്ള ജീവികളെ വിൽക്കുകയും ഓമനിക്കുകയും ചെയ്യുന്നവരുടെ വിവരം വനംവകുപ്പ് ശേഖരിക്കുന്നു. സോഷ്യൽ ഫോറസ്ട്രി വിഭാഗമാണ് ഇവയുടെ കണക്കെടുക്കുന്നത്. ആഫ്രിക്കൻ പെരുമ്പാമ്പ് ഉൾപ്പടെയുള്ള ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ഇവയുടെ കണക്കെടുക്കാൻ വനം വകുപ്പ് തയ്യാറായത്.

ഇത്തരം ജീവികളെ വളർത്തുകയും വിൽക്കുകയും ചെയ്യുന്നവർ തങ്ങളുടെ വിവരങ്ങൾ വനംവകുപ്പിനെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇത്തരം മൃഗങ്ങളെ വീട്ടിൽ വളർത്തുന്നത് പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് വനംവകുപ്പ്. സ്വാഭാവിക ശുദ്ധജല മത്സ്യങ്ങൾക്കും സ്വതവേ വംശനാശ ഭീഷണി നേരിടുന്ന ആമകൾക്കും ഭാവിയിൽ വൻഭീഷണിയായിരിക്കും ഇവ സൃഷ്ടിക്കുകയെന്നാണ് വനംവകുപ്പുദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.

വനംവകുപ്പിന്റെ ലൈസൻസ് പോലുമില്ലാതെയാണ് വൻതോതിൽ ഇത്തരം ജീവികളെ അരുമകളായി വളർത്തുന്നത്. ആകെയുള്ളത് കേന്ദ്ര സർക്കാരിന്റെ സൈറ്റിലെ റജിസ്ട്രേഷൻ മാത്രം.

കഴി‌ഞ്ഞ ദിവസം കണ്ണൂരിൽ നിന്നു ഇത്തരം പാമ്പുകളെ ട്രെയിനിൽ നിന്നു പിടികൂടിയെങ്കിലും പിഴ അടച്ച് വിടുകയായിരുന്നു. കൗമാരക്കാരാണ് ഇപ്പോൾ ന്യൂജെൻ പെറ്റ് സംസ്കാരവുമായി രംഗത്തെത്തിയത്.ഡൽഹി, മുംബെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഏജൻസികളാണ് ആഫ്രിക്കയിൽ നിന്നും ഇവയെ കേരളത്തിലേക്ക് പലതരത്തിൽ എത്തിക്കുന്നത്.

അമേരിക്കയിൽ നിന്നും കൊണ്ടുവന്ന അലങ്കാര ആമകൾ സൃഷ്ടിച്ച ഭീഷണിയുടെ നടുക്കം മാറും മുമ്പാണ് ആഫ്രിക്കയിൽ നിന്നും പെരുമ്പാമ്പുകൾ ഇവിടെ എത്തിയിരിക്കുന്നത്. ഇവയോടുള്ള കൗതുകം തീരും മുമ്പ് പാടത്തും പറമ്പിലും ഉപേക്ഷിക്കുന്ന ആഫ്രിക്കൻ പെരുമ്പാമ്പുകൾ പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കും കടുത്ത ഭീഷണിയാകുമെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്. പുഴകളിലും ജലാശയങ്ങളിലുമാവും ഇത്തരം പാമ്പുകളെ ഉപേക്ഷിക്കാൻ കൂടുതൽ സാദ്ധ്യതയുള്ളതെന്നാണ് വനംവകുപ്പുദ്യോഗസ്ഥരുടെ നിഗമനം.ഇവ പുഴകളിൽ എത്തപ്പെടുന്നതോടെ മത്സ്യങ്ങളും ആമകളും ഇവയുടെ വൻതോതിൽ ഇവയുടെ ഇരകളാകുമെന്നും മുന്നറിയിപ്പുണ്ട്.

കൗതുകം കഴിയുമ്പോൾ വലിച്ചെറിയുന്ന ആഫ്രിക്കൻ പെരുമ്പാമ്പുകൾ ഉൾപ്പടെയുള്ള അരുമകൾ നമ്മുടെ മത്സ്യങ്ങൾക്കും ആമകൾക്കും കടുത്ത ഭീഷണിയാകും. പ്രജനനം കഴിയുമ്പോൾ പിന്നെ എത്ര എണ്ണമുണ്ടാകുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല.

ജി. പ്രദീപ്, അസി. കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി വിഭാഗം, കണ്ണൂർ