
■പ്രശംസ ശ്രീധരന്റെ ആത്മകഥ പ്രകാശന ചടങ്ങിൽ
കാസർകോട്: കോൺഗ്രസിനു വേണ്ടി കോടതി മുറികളിൽ വാദിച്ച പ്രഗത്ഭനായ ക്രിമിനൽ അഭിഭാഷകൻ സി.കെ. ശ്രീധരനെ വാനോളം പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. 'അഡ്വ. സി.കെ.ശ്രീധരൻ ജീവിതം നിയമം നിലപാടുകൾ' എന്ന ആത്മകഥ പ്രകാശനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞാൻ സി.കെ. ശ്രീധരന്റെ പുസ്തകം വായിച്ചു തീർന്നിട്ടില്ല. അല്ലാതെ തന്നെ സി.കെയുടെ ജീവിതത്തെക്കുറിച്ച് അറിയുന്ന ഒരാളെന്ന നിലയിലാണ് സംസാരിക്കുന്നത്. ഇവിടെ എത്തിയപ്പോഴാണ് ആത്മകഥയ്ക്ക് എന്തോ വലിയ രാഷ്ട്രീയ മാനമുണ്ടെന്നറിഞ്ഞത്. പുസ്തകം വായിച്ചു കഴിഞ്ഞാൽ വിവാദമാകുമെന്ന് ഡോ. എം.കെ മുനീർ പറയുന്നു. നമുക്ക് കാത്തിരിക്കാം'.,സദസിലെ ചിരികൾക്കിടെ പിണറായി പറഞ്ഞു.
കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും അറിയപ്പെടുന്ന നേതാവായ സി.കെയുടെ പുസ്തകം പ്രകാശനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയതു തന്നെ അദ്ദേഹത്തിന് ലഭിക്കുന്ന വലിയ ആദരവാണെന്ന് പുസ്തക പ്രസാധകനായ
ലീഗ് നേതാവ് എം.കെ. മുനീർ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ഇക്കാര്യം പ്രതിപാദിച്ചു കൊണ്ടാണ് പിണറായി സംസാരിച്ചു തുടങ്ങിയത്. കേരളത്തിലെ അതിപ്രമുഖരായ ക്രിമിനൽ അഭിഭാഷകരുടെ കൂട്ടത്തിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന സി.കെയുടെ കുറിപ്പുകൾ സത്യസന്ധമായിരിക്കുമെന്ന് ഉറപ്പുണ്ട്. ആത്മപ്രശംസ തെല്ലും അതിലുണ്ടാവില്ല. വ്യക്തിശുദ്ധിക്ക് നിരക്കാത്ത ഒരു ഘടകവും സി.കെ രേഖപ്പെടുത്തില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി, സി.കെയുടെ ജീവിതത്തെയും, രാഷ്ടീയ നിലപാടുകളെയും, കോടതി മുറികളിലെ വാദങ്ങളെയും സംബന്ധിച്ചും വിശദീകരിച്ചു.
സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണനും, കെ.പി സതീഷ് ചന്ദ്രനും അടക്കമുള്ള
പാർട്ടി നേതാക്കളും സംബന്ധിച്ചു.. രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസലും മാത്രമാണ് കോൺഗ്രസ് നേതാക്കളായി എത്തിയത്.