മട്ടന്നൂർ: മട്ടന്നൂർ ഉപജില്ലാ ശാസ്ത്രോത്സവം 21, 22 തീയതികളിൽ പട്ടാന്നൂർ കെ.പി.സി. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിത ശാസ്ത്രം, പ്രവൃത്തി പരിചയം, ഐ.ടി. എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായി നടക്കുന്ന മേളയിൽ ഉപജില്ലയിലെ 86 സ്കൂളുകളിൽ നിന്ന് 2500 ഓളം വിദ്യാർത്ഥികൾ പങ്കെടുക്കും. 21ന് രാവിലെ 10ന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ മേള ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം 22ന് വൈകീട്ട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും. പൂർണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാണ് മേള നടത്തുന്നതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒന്നാം സ്ഥാനം നേടുന്ന എല്ലാവർക്കും ട്രോഫികൾ നൽകും. വാർത്താസമ്മേളനത്തിൽ കൂടാളി പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഷൈമ, എ.ഇ.ഒ. വി.വി.ബാബു, പ്രിൻസിപ്പൽ എ.സി. മനോജ്, പി.ടി.എ പ്രസിഡൻ്റ് കെ. മാധവൻ, ആർ.കെ. സദാനന്ദൻ, വി. നാരായണൻ, ദിലീപ് കുയിലൂർ എന്നിവർ പങ്കെടുത്തു.