
വെള്ളരിക്കുണ്ട്: പരപ്പ, കനകപ്പള്ളിയിൽ പാർസൽ ലോറി സ്‌കൂട്ടിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി ഉൾപ്പെടെ രണ്ടുപേർ ദാരുണമായി മരിച്ചു. തുമ്പയിലെ, നാരായണന്റെ മകൻ ഉമേഷ് (22), പരേതനായ അമ്പാടിയുടെ മകൻ മണികണ്ഠൻ (18) എന്നിവരാണ് മരിച്ചത്. മണികണ്ഠൻ വള്ളിക്കടവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്.
ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം. വെള്ളരിക്കുണ്ട് ഭാഗത്ത് നിന്നും പരപ്പയിലേക്ക് പോവുകയായിരുന്ന സ്‌കൂട്ടിയും വെള്ളരിക്കുണ്ടിലേക്ക് പാർസലുമായി വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ അഘാതത്തിൽ സ്‌കൂട്ടിയിൽ നിന്നും രണ്ടുപേരും തെറിച്ചു വീണു. ഓടിക്കൂടിയ നാട്ടുകാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും ചേർന്ന് ഇവരെ ഉടൻ പരപ്പയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കൊണ്ടു പോകും വഴിയാണ് മരണം. മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.