കണ്ണൂർ: നഗരമദ്ധ്യത്തിൽ പുലർച്ചെ കട കത്തി നശിച്ചു. പഴയ ബസ് സ്റ്റാൻഡിന് സമീപത്ത് സ്റ്റേഷനറി സാധനങ്ങൾ ഉൾപ്പടെയുള്ളവയുടെ മൊത്ത വില്പന കേന്ദ്രമായ മഹാദേവ് മാർക്കറ്റിംഗ് എന്ന സ്ഥാപനമാണ് പൂർണമായും കത്തിനശിച്ചത്. ഏകദേശം 25 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. രാജസ്ഥാൻ സ്വദേശി രമേശിന്റെ ഉടമസ്ഥതയിലുള്ളതാണ് വ്യാപാര സ്ഥാപനം. ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് തീപിടിത്തം ശ്രദ്ധയിൽപെട്ടത്. കണ്ണൂരിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തുമ്പോഴേക്കും കടയ്ക്കുള്ളിലെ സാധനങ്ങൽ ഏതാണ്ട് പൂർണമായും കത്തിയിരുന്നു.
തീ സമീപത്തെ കടകളിലേക്ക് പടരുന്നതിന് മുമ്പ് അണയ്ക്കാനായതിനാലാണ് വൻ ദുരന്തം ഒഴിവായത്. ഇന്നലെ രാത്രി പതിനൊന്നരയ്ക്ക് ശേഷമായിരുന്നു കടയിലുണ്ടായിരുന്നവർ കടപൂട്ടി മടങ്ങിയത്. ഷോർട്ട് സർക്യൂട്ടാണോ സാമൂഹ്യ ദ്റോഹികൾ ഏതെങ്കിലും തരത്തിൽ തീയിട്ടതാണോ എന്ന കാര്യം അന്വേഷിച്ചു വരികയാണ്. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് രാത്രിയിൽ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാണെന്ന് വ്യാപാരികൾ പറഞ്ഞു. ബസ് സ്റ്റാൻഡിലും ഇടവഴികളിലും തമ്പടിക്കുന്ന സാമൂഹ്യവിരുദ്ധരും പിടിച്ചു പറിക്കാരും തമ്പടക്കുന്നതു കാരണം വൈകി കടപൂട്ടി നടന്നുപോകാൻ ഭയമാണെന്ന് വ്യാപാരികൾ പറഞ്ഞു. ഏതാനും മാസം മുമ്പും ഇവിടെ ഒരു കട കത്തി നശിച്ചിരുന്നു. ഇതിനു പിന്നിൽ സാമൂഹ്യ വിരുദ്ധരാണോ എന്ന സംശയത്തിലാണ് വ്യാപാരികൾ.