കാഞ്ഞങ്ങാട്: ഹൊസ്‌ദുർഗ് കോടതി കോംപ്ലക്‌സ് പണിയുന്നതിന് ആവശ്യമായ ഭൂമി കൈമാറൽ 22ന് രാവിലെ 9.30ന് കോടതി പരിസരത്ത് നടക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഭൂമി കൈമാറ്റം പ്രഖ്യാപിക്കും. ജില്ലാ ജഡ്ജി സി. കൃഷ്ണകുമാർ അദ്ധ്യക്ഷനാവും. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, ഇ. ചന്ദ്രശേഖരൻ എം.എൽ.എ, സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, എം. രാജഗോപാലൻ എം.എൽ.എ, ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന, സ്‌പെഷ്യൻ ജഡ്ജ് സി. സുരേഷ്‌കുമാർ, ചെയർപേഴ്‌സൺ കെ.വി. സുജാത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ തുടങ്ങിയവർ പ്രസംഗിക്കും. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എൻ. രാജ്‌മോഹനനും, സെക്രട്ടറി സി.കെ. സതീശനും അറിയിച്ചു.
ഹൊസ്‌ദുർഗ് കോട്ടക്കുള്ളിൽ വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച കെട്ടിടങ്ങളിലാണ് ഹൊസ്‌ദുർഗ് കോടതികൾ പ്രവർത്തിക്കുന്നത്. ജീവനക്കാർക്കും അഭിഭാഷകർക്കും കക്ഷികൾക്കും നിന്ന് തിരിയാൻ ഇടമില്ലാത്ത വിധം സങ്കീർണമായിരുന്നു കോടതികളുടെ പ്രവർത്തനം. ഹൊസ്‌ദുർഗ് വെള്ളരിക്കുണ്ട് താലൂക്കുകളിലെ 16 പഞ്ചായത്തുകളും കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളും ഹൊസ്‌ദുർഗ് കോടതിയുടെ പരിധിയിലാണ് വരുന്നത്. ഹൊസ് ദുർഗ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി (ഒന്ന്), കോടതി (രണ്ട്), മുനിസിഫ് കോടതി, സബ്ബ് കോടതി, ഏറ്റവും ഒടുവിൽ വന്ന പോക്‌സോ കോടതി എന്നിവയാണ് ഇവിടെ പ്രവർത്തിക്കുന്നത് . ബാർ അസോസിഷേയൻ ഹാളിലാണ് പോക്‌സോ കോടതി പ്രവർത്തിക്കുന്നത്. ഇതിനു പുറമെ ആഴ്‌ചയിൽ രണ്ടുദിവസം എം.എ.സി.ടി, കുടുംബകോടതികളുടെ സിറ്റിംഗും ഇവിടെ നടക്കുന്നുണ്ട്. ദിവസേന നൂറുകണക്കിന് കേസുകളാണ് ഇവിടെ പരിഗണിക്കുന്നത് . നിലവിലെ കോടതി പരിസരത്ത് കാംകോ ഡിപ്പോ പ്രവർത്തിച്ചിരുന്ന 1.45 എക്കർ സ്ഥലമാണ് റവന്യൂ വകുപ്പ് ജുഡീഷ്യൽ വകുപ്പിന് പുതിയതായി കൈമാറുന്നത്. നിലവിൽ കോടതികൾ പ്രവർത്തിക്കുന്നത് 1.40 എക്കർ സ്ഥലത്താണ്. പുതിയ സ്ഥലം ലഭിക്കുന്നതോടെ ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടങ്ങൾ നിർമ്മിക്കാനാവും.
വിട്ടുകിട്ടുന്ന സ്ഥലത്ത് പുതിയതായി അനുവദിച്ച ഭൂമിയിലുള്ള കെട്ടിടത്തിൽ നേരത്തേ കേന്ദ്രീയ വിദ്യാലയം പ്രവർത്തിച്ചിരുന്നു. പഴയ കെട്ടിടം പൊളിച്ചുമാറ്റുമ്പോൾ ഇവിടേക്ക് കോടതികൾ മാറ്റാനുള്ള സൗകര്യവുമായി . പുതിയ കെട്ടിടങ്ങൾ വരുന്നതോടെ പൂർണ കുടുംബകോടതി, എം.എ.സി.ടി കോടതിയും ഇവിടെ യാഥാർത്ഥ്യമാവും. ജില്ലാ ചുമതലയുള്ള ഹൈക്കോടതി ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ചുവപ്പുനാടയിൽ കുടുങ്ങിയ ഹൊസ്‌ദുർഗ് കോടതി ഭൂമി കൈമാറ്റ നടപടിക്രമങ്ങൾക്കായി പ്രത്യേക താൽപര്യമെടുത്തിരുന്നു. എം.എൽ.എമാരായ ഇ. ചന്ദ്രശേഖരൻ, സി.എച്ച് കുഞ്ഞമ്പു എന്നിവർ മുഖേന മുതിർന്ന അഭിഭാഷകരായ പി അപ്പുക്കുട്ടനും എം.സി കുമാരനും സർക്കാർ തലത്തിൽ ഇടപെട്ട് നടപടിക്രമങ്ങൾ വേഗത്തിലാക്കുകയായിരുന്നു. ഏഴുവർഷം മുമ്പ് 10 കോടി രൂപ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ സർക്കാർ അനുവദിച്ചിരുന്നു.