പയ്യന്നൂർ: പയ്യന്നൂരിലും പരിസരങ്ങളിലുമായി 13 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ. നാട്ടുകാർ തല്ലിക്കൊന്ന ശേഷം കുഴിച്ചുമൂടിയ തെരുവുനായയുടെ ജഡം പുറത്തെടുത്ത് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് സ്ഥിരീകരണം. കുഴിച്ചിട്ട നായയുടെ ജഡം ബുധനാഴ്ചയാണ് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി ആന്തരികാവയവങ്ങൾ പരിശോധനയ്ക്കയച്ചത്.
ഒരാഴ്ച മുമ്പ് മറവു ചെയ്ത നായയുടെ ജഡമാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതരും പൊലീസും ചേർന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്. നായയെ അടിച്ചു കൊന്നതിനെതിരെ തൃശൂരിൽ പ്രവർത്തിക്കുന്ന മൃഗസ്നേഹികളുടെ സംഘടന പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ഒരു സംഘം നാട്ടുകാർക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. ഇതിന്റെ ഭാഗമായാണ് പോസ്റ്റുമോർട്ടം നടത്തിയത്. നായക്ക് പേ വിഷബാധയുണ്ടായിരുന്നോ എന്നറിയാൻ കൂടിയായിരുന്നു മൃഗസംരക്ഷണവകുപ്പിന്റെ പരിശോധന.
പരിശോധനാ ഫലം വന്നതോടെ നാട്ടുകാർ ഭീതിയിലായി. പയ്യന്നൂർ നഗരത്തിൽ 9 പേരെയും കരിവെള്ളൂരിൽ നാലുപേരെയും കടിച്ച തെരുവുനായയെ ഏതാനും മണിക്കൂറുകൾക്കു ശേഷം മാവിച്ചേരിയിലാണ് ചത്ത നിലയിൽ കണ്ടെത്തിയത്. നായയെ ചിലർ തല്ലി കൊല്ലുന്ന ദൃശ്യങ്ങൾ സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു. നായയുടെ ജഡം പോസ്റ്റ് മോർട്ടം നടത്താതെയായിരുന്നു പിന്നീട് നഗരസഭയുടെ നിർമ്മാണത്തിലിരിക്കുന്ന പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് മറവു ചെയ്തിരുന്നത്. പോസ്റ്റ് മോർട്ടം നടക്കാത്തതിനാൽ നായയ്ക്ക് പേവിഷ ബാധയുണ്ടായിരുന്നോ എന്നും വ്യക്തമായിരുന്നില്ല.
കേസിൽ പ്രതിഷേധം
നായയുടെ ജഡം പോസ്റ്റ്മോർട്ടം നടത്താനെത്തിയ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. നാട്ടുകാർക്കെതിരെ കേസെടുത്ത നടപടിയാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. പയ്യന്നൂരിൽ സ്കൂൾ വിദ്യാർത്ഥികളടക്കമുള്ളവരെ കഴിഞ്ഞ 13 ന് രാവിലെയായിരുന്നു ഈ നായ കടിച്ചത്. 12 ന് വൈകിട്ട് കരിവെള്ളൂരിൽ നാലുപേർക്കും കടിയേറ്റു. ഉച്ചയോടെയാണ് ഇതിനെ ചത്ത നിലയിൽ കണ്ടെത്തിയത്. പേവിഷബാധയുണ്ടായിരുന്നോ എന്നറിയാനാണ് നായയുടെ തലച്ചോറടക്കമുള്ള ആന്തരികാവയവങ്ങൾ പരിശോധനയ്ക്കയച്ചത്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും നഗരസഭാ അധികൃതരും പോസ്റ്റ്മോർട്ട നടപടികൾക്ക് നേതൃത്വം നൽകി.