
കണ്ണൂർ: കേരളത്തിന്റെ വികസനക്കുതിപ്പിന് കേന്ദ്രം ഇടങ്കോലിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലശേരി പുതിയ ബസ് സ്റ്റാൻഡിൽ സി.എച്ച് കണാരൻ അൻപതാം ചരമ വാർഷികദിനാചരണത്തിന്റെ ഭാഗമായി സി.പി.എം തലശേരി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തിൽ കോൺഗ്രസും ബി.ജെ.പിയും ഇരുമെയ്യാണെങ്കിലും ഒറ്റക്കരളാണ് . വർഗ്ഗീയതയെ എതിർക്കാൻ ഒരു ഘട്ടത്തിലും കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. കേന്ദ്രം തെറ്റായ നയങ്ങളുമായി മുൻപോട്ടു പോകുമ്പോൾ ,ബദൽ നയങ്ങളുമായി രാജ്യത്തെ ഒറ്റത്തുരുത്തായി കേരളം മാറുകയാണ്. എന്നാൽ കേരളം ഇക്കാര്യത്തിൽ വ്യത്യസ്തമായിക്കൂടെന്നാണ് ആർ.എസ്.എസ് ചിന്തിക്കുന്നത്.വികസന നയവുമായി സർക്കാർ മുന്നോട്ട് പോകും. ബി.ജെ.പിയെ എതിർക്കുന്നവരെന്ന് പറയുന്ന കോൺഗ്രസ് കേരളത്തിന്റെ ബദൽ നയങ്ങളെ അംഗീകരിക്കുന്നുണ്ടോ.?. കോൺഗ്രസിനും ബി.ജെ.പിക്കും ഒരേ നയമാണ്. വർഗ്ഗീയതയുമായി സന്ധി ചെയ്താണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു..