minister
മന്ത്രി വി. അബ്ദു റഹിമാൻ നടക്കാവ് മൾട്ടി പർപ്പസ് സ്റ്റേഡിയം നിർമ്മാണം വിലയിരുത്താനെത്തിയപ്പോൾ

തൃക്കരിപ്പൂർ: നടക്കാവിൽ നിർമ്മാണത്തിലിരിക്കുന്ന അന്താരാഷ്ട്ര മൾട്ടി പർപ്പസ് ഇൻഡോർ സ്‌റ്റേഡിയം ഒരു വർഷത്തിനകം പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്ന് കായിക മന്ത്രി വി. അബ്ദു റഹിമാൻ പറഞ്ഞു. സ്റ്റേഡിയത്തിന്റെ നിർമ്മാണം വിലയിരുത്തുന്നതിന് എത്തിയതായിരുന്നു മന്ത്രി. കിഫ്ബി ഫണ്ടായ 29. 46 കോടി രൂപ ചെലവിൽ പണിയുന്ന പദ്ധതി അവസാന ഘട്ടത്തിലാണ്.

സ്റ്റേഡിയത്തിന്റെ ചുറ്റുമതിലിനകത്ത് നിർമ്മാണം പുരോഗമിക്കുന്ന റോഡുകൾ പരസ്പരം ബന്ധിപ്പിച്ച് പ്രദേശവാസികളായ നടത്ത പ്രിയർക്ക് ഉപകാരപ്പെടുന്ന രീതിയിൽ വാക്കിംഗ് ട്രാക്ക് പണിയാൻ രൂപകല്പനയിൽ മാറ്റം വരുത്താൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നടക്കാവ് സിന്തറ്റിക് ഫുട്ബാൾ മൈതാനത്തോട് ചേർന്നാണ് അന്താരാഷ്ട്ര നിലവാരമുള്ള മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം പണിയുന്നത്. എം. രാജഗോപാലൻ എം.എൽ.എയുടെ ഇടപെടലിന്റെ

ഭാഗമായാണ് അന്തരിച്ച എം.ആർ.സി. ബെല്ലിംഗ് ടൺ ഫുട്ബാൾ ടീമിന്റെ കളിക്കാരനും കോച്ചുമായിരുന്ന ടി.വി. കൃഷ്ണന്റെ നാമധേയത്തിൽ സ്റ്റേഡിയം നിർമ്മിക്കുന്നത്. എം. രാജഗോപാലൻ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട്, ടി.വി ബാലൻ, എം.രാമചന്ദ്രൻ തുടങ്ങിയവർ മന്ത്രിയുടെ കൂടെ ഉണ്ടായിരുന്നു.

ഒരുങ്ങുന്നത്

35,000 പേർക്ക് ഇരുന്ന് കളി കാണാനുളള പവലിയൻ

400 മീറ്റർ ട്രാക്ക്,​ സ്വിമ്മിംഗ് പൂൾ

വിശ്രമ മുറി,​ ഷോപ്പിംഗ് മാൾ

ഇൻഡോർ മൈതാനിയിൽ വോളിബാൾ കോർട്ട്

ഷട്ടിൽ,​ ബാസ്‌ക്കറ്റ് ബാൾ, ഗെയിംസ് കോർട്ടുകൾ

സമാന്തര റോഡ്, വാഹന പാർക്കിംഗ്, ഓവുചാൽ

തൃക്കരിപ്പൂരിന് അഭിമാനം

ദേശീയ ടീമിലും പ്രൊഫഷണൽ ക്ലബ്ബുകളിലും ഒരു ഡസനിലേറെ കളിക്കാരെ സംഭാവന ചെയ്ത പ്രദേശമെന്ന പരിഗണനയിലാണ് പദ്ധതി തൃക്കരിപ്പൂരിന് ലഭിച്ചത്. കോഴിക്കോട് ആസ്ഥാനമായുള്ള മാപ്പ് ഗ്ലോബൽസ് കൺസ്ട്രഷൻ കമ്പനിയുടെ നേതൃത്വത്തിൽ കിറ്റ്കോയുടെ സഹായത്തോടെയാണ് നിർമ്മാണം പുരോഗമിക്കുന്നത്. 13 ഏക്കർ സ്ഥലം പൂർണമായും ഉപയോഗപ്പെടുത്തിയാണ് അന്താരാഷ്ട്ര നിലവാരമുളള സ്റ്റേഡിയം നിർമ്മിക്കുന്നത്.