ശ്രീകണ്ഠപുരം: ഇന്റർലോക്ക് വിരിച്ച നടപ്പാത, സായാഹ്നങ്ങളിൽ വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ, പാതയോരത്ത് തെരുവ് വിളക്കുകൾ... ശ്രീകണ്ഠാപുരം നഗരം ഇനി ഇത്തരം കാഴ്ചകളാൽ മനോഹരമാകും. സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ അനുവദിച്ച അഞ്ചുകോടി രൂപ ചെലവിലാണ് നഗരം സൗന്ദര്യവത്കരിക്കുന്നത്. ഇതിന്റെ ടെൻഡർ നടപടി പൂർത്തിയായി.
പാലക്കയംതട്ട്, പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം തുടങ്ങി മലയോരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള കൂടുതൽ പേരും ഇതുവഴിയാണ് കടന്ന് പോകുന്നത്.
എന്നാൽ നഗരത്തിൽ മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാകുന്നത് പതിവാണ്.ഇത് പരിഹരിക്കാൻ ആദ്യഘട്ടത്തിൽ കോട്ടൂർ ഐ. ടി.ഐ ബസ് സ്റ്റോപ്പ് മുതൽ ചെങ്ങളായി ഭാഗത്തേക്ക് ശ്രീകണ്ഠപുരം നഗരസഭയുടെ അതിർത്തി വരെയും പയ്യാവൂർ ഭാഗത്തേക്ക് കാക്കത്തോട് പാലം വരെയും ഡ്രൈനേജ് സംവിധാനം കാര്യക്ഷമമാക്കും. തകർന്ന സ്ലാബുകൾ പുനർ നിർമ്മിക്കുകയും ആവശ്യമെങ്കിൽ ഡ്രൈനേജിന്റെ ഉയരം വർദ്ധിപ്പിക്കുകയും ചെയ്യും. ഡ്രൈനേജ് ഇല്ലാത്ത ഭാഗങ്ങളിൽ പുതിയത് നിർമ്മിച്ച് കവർ സ്ലാബിട്ട് സുരക്ഷിതമാക്കും.
ടൈൽ, ഇന്റർലോക്ക് എന്നിവ വിരിച്ച് മനോഹരമാക്കുന്ന നടപ്പാതയിൽ കൈവരിയും ഒരുക്കും. തണൽ മരങ്ങൾക്ക് ചുറ്റും കല്ലുകൊണ്ടുള്ള ഇരിപ്പിടങ്ങൾ, വഴിയാത്രക്കാർക്കായി നഗരത്തിൽ നിർമ്മിച്ചിട്ടുള്ള ടേക്ക് എ ബ്രേക്ക് കെട്ടിടത്തോട് ചേർന്ന് പൊതുമരാമത്ത് ഭൂമിയിൽ ഓപ്പൺ സ്റ്റേജ് എന്നിവയും സജ്ജമാക്കും. കൂടിച്ചേരലുകൾക്കും പൊതു പരിപാടികൾക്കുമാണ് സ്റ്റേജ് ഉപയോഗിക്കുക. സുരക്ഷിതമായ രാത്രി യാത്രയ്ക്കും നഗരത്തെ കൂടുതൽ മനോഹരമാക്കാനും 50 ലക്ഷം രൂപ ചെലവിൽ പാതയോരത്ത് തെരുവുവിളക്കുകൾ സ്ഥാപിക്കും.
സൗന്ദര്യവത്കരണം പൂർത്തിയാകുന്നതോടെ വ്യാപാരകേന്ദ്രമായ ശ്രീകണ്ഠപുരത്തിന് ഏറെ മാറ്റമുണ്ടാകുമെന്നും ഒരു വർഷംകൊണ്ട് പ്രവൃത്തി പൂർത്തിയാക്കി നാടിന് സമർപ്പിക്കും. സജീവ് ജോസഫ് എം .എൽ. എ