thookuveli
സൗരോർജ തൂക്കുവേലി ചാർജ്ജ് ചെയ്യുന്നത് സംബന്ധിച്ച് വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ നോയൽ തോമസ്, വടക്കൻ സി.സി.എഫ് ദീപ എന്നിവർ പരിശോധന നടത്തുന്നു. കാസർകോട് ഡി.എഫ്.ഒ പി. ബിജു സമീപം

ദ്രുതകർമ്മ സേന സജ്ജം, ആശങ്ക വേണ്ട: വനംവകുപ്പ്


കാസർകോട്: കാറഡുക്ക റിസർവ് വനത്തിലെ സോളാർ തൂക്കുവേലി നാലു കിലോമീറ്റർ നിർമ്മാണം പൂർത്തീകരിച്ചു കഴിഞ്ഞെന്നും അടുത്ത നാലു കിലോമീറ്റർ വേലിയുടെ പ്രവർത്തനം ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തീകരിക്കുമെന്നും വനം വകുപ്പ് അധികൃതർ. പൊലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷനെയാണ് തൂക്കുവേലിയുടെ നിർമ്മാണം ഏൽപ്പിച്ചിട്ടുള്ളത്.

29 കിലോമീറ്റർ വരുന്ന സോളാർ തൂക്കുവേലി പൂർത്തീകരിക്കാനുള്ള സമയപരിധി 2023 മാർച്ച് വരെയാണ്. ആശങ്ക വേണ്ടെന്നും സമയപരിധിക്കുള്ളിൽ തന്നെ സോളാർ വേലിയുടെ പ്രവർത്തനം പൂർത്തീകരിക്കുമെന്ന ഉറപ്പ് കിട്ടിയിട്ടുണ്ടെന്നും ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ പി. ബിജു പറഞ്ഞു.

കാലാവസ്ഥ വ്യതിയാനം തൂക്കുവേലിയുടെ നിർമ്മാണ ഘട്ടത്തിൽ വലിയ പ്രശ്നം സൃഷ്ടിച്ചു. തൂണുകൾ സ്ഥാപിക്കാാനുള്ള കുഴിയെടുക്കലും കോൺക്രീറ്റും മഴയില്ലാത്ത ദിവസങ്ങളിൽ മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ. പലപ്പോഴും ശക്തമായ മഴയെ തുടർന്ന് പ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കേണ്ടതായും വന്നിട്ടുണ്ട്.

ദ്രുതകർമ്മ സേനയിലെ അംഗങ്ങൾ രാപ്പകൽ വ്യത്യാസമില്ലാതെ സജ്ജമാണെന്നും, സേനയിലെ അംഗങ്ങളുടെ എണ്ണം വെട്ടി കുറച്ചിട്ടില്ലെന്നും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. നിലവിൽ കണ്ണൂരിൽ നിന്നും വയനാട്ടിൽ നിന്നുമുള്ള പ്രത്യേക സംഘം പ്രവർത്തിക്കാതിരിക്കുന്നത് വന്യമൃഗങ്ങളെ തുരുത്തുന്നതിനിടയിൽ തുടരെ ഉണ്ടാവുന്ന അപകടങ്ങൾ കണക്കിലെടുത്താണ്. അതാതു പ്രദേശത്തെ ഭൂപ്രകൃതിയെ അറിയുന്ന ആളുകൾക്ക് മാത്രമേ അപകടങ്ങളും ജീവഹാനിയും ഉണ്ടാവാത്ത തരത്തിൽ വന്യജീവികളെ തുരത്താൻ സാധിക്കുകയുള്ളൂ എന്ന വിലയിരുത്തലിലാണ് സംഘത്തെ മടക്കി അയച്ചത്. കാസർകോട് ഫ്‌ളൈയിംഗ് സ്‌ക്വാഡ്, ഡിവിഷൻ ജീവനക്കാർ, കാസർകോട് ആർ.ആർ.ടി. ജീവനക്കാർ എന്നിവർ ഉൾപ്പെടുന്ന വിപുലമായ സേന ആന തുരത്തലിന് സജ്ജമാണ്. നിലവിൽ പാണ്ടിയിൽ കണ്ട ആനകൂട്ടം ദ്രുതകർമ്മസേന തുരത്തി വിട്ടവയല്ലെന്നും പുതിയതായി എത്തിച്ചേർന്നവയാണെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.