sfi-ksu-clash

പഴയങ്ങാടി: മാടായി കോളേജിൽ എസ്.എഫ്.ഐ - കെ എസ്.യു സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു. സംഘർഷത്തിൽ പരിക്കേറ്റ എസ്‌.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് ജി.കെ അനുവിന്ദ് (23), മാടായി ഏരിയ അംഗം ടി.പി ആദർശ് (21) എന്നിവരെ പയ്യന്നൂർ സഹകരണ ആശുപത്രിയിലും കെ.എസ്.യു പ്രവർത്തകരായ കോളേജിലെ ഒന്നാം വർഷ എം.കോം വിദ്യാർത്ഥി വി.വി അക്ഷയ് (20), ബി.എ മലയാളം രണ്ടാം വർഷ വിദ്യാർത്ഥി ധനുഷ് രാം (19) എന്നിവരെ പയ്യന്നൂർ പ്രിയദർശിനി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലെ എസ്.എഫ്.ഐ വിദ്യാർത്ഥികളുടെ നാമനിർദ്ദേശിക പത്രിക സൂക്ഷ്മ പരിശോധനയിൽ തള്ളിയതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ കോളേജ് ഓഫീസിന്റെ ജനൽചില്ലുകൾ തകർന്നിട്ടുണ്ട്. പുറത്ത് നിന്നുള്ള യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകരാണ് തങ്ങളെ ആക്രമിച്ചതെന്ന് എസ്.എഫ്.ഐയും കോളേജിന് പുറത്ത് നിന്നെത്തിയ എസ്.എഫ്. ഐ പ്രവർത്തകരാണ് തങ്ങളെ മർദ്ദിച്ചതെന്ന് കെ.എസ്.യുവും ആരോപിച്ചു. സംഘർഷത്തെ തുടർന്ന് മാടായി കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പ് താൽക്കാലികമായി നിർത്തിവച്ചതായി പ്രിസിപ്പൽ ഇ.എസ് ലത പറഞ്ഞു. കോളേജിൽ ചേർന്ന അടിയന്തര കൗൺസിൽ യോഗമാണ് 27ന് നടത്താനിരുന്ന തിരഞ്ഞെടുപ്പ് താൽകാലികമായി നിർത്തിവയ്ക്കാനുള്ള തീരുമാനമെടുത്തത്.