പയ്യന്നൂർ: 'തെറ്റുകൾ കടന്നു കൂടിയേക്കാം, അത് ചൂണ്ടിക്കാട്ടിയാൽ തുടർപതിപ്പുകളിൽ തിരുത്തി പൂർണ്ണത കൈവരിക്കാം " എന്ന് ഗ്രന്ഥകാരൻ കെ.കെ. അസൈനാർ മാസ്റ്റർ തന്റെ ' രാമന്തളി ഏഴിമല - ചരിത്രം സംസ്കാരം' എന്ന പുസ്തകത്തിൽ മുഖവുരയായി എഴുതിയെങ്കിലും പുസ്തകത്തിൻ്റെ തുടർ പതിപ്പ് എന്ന സ്വപ്നം പൂവണിയാതെയാണ് അദ്ദേഹം ഈ ലോകത്തോട് ഇന്നലെ വിട പറഞ്ഞത്. 2021 ഒക്ടോബറിലാണ് ഈ ചരിത്ര പുസ്തകത്തിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്. മുഖവുരയിൽ അസൈനാർ മാസ്റ്റർ ഇങ്ങിനെ കൂടി പറയുന്നുണ്ട്. 'രാമന്തളിയുടെ ചരിത്ര പാരമ്പര്യം രേഖപ്പെടുത്താൻ ആരും തുനിഞ്ഞിട്ടില്ല എന്നതാണ് സത്യം . നാട്ടുകാർ അവരുടെ നാടിന്റെ ദീപ്തമായ ചരിത്ര പാരമ്പര്യത്തെക്കുറിച്ച് അജ്ഞരാണ് എന്നത് സങ്കടകരമാണ്. ആ പോരായ്മ പരിഹരിക്കാനുള്ള എളിയ ശ്രമമാണ് ഈ പുസ്തകത്തിലൂടെ നടത്തുന്നത്."
എന്നും യാത്രകളെ ഇഷ്ടപ്പെടുകയും ചരിത്ര സത്യങ്ങളെ തേടുകയും ചെയ്ത് കൊണ്ടിരുന്ന അദ്ദേഹം താൻ
കണ്ട രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും ചരിത്രവും വർത്തമാനം സംസ്കാരവും രേഖപ്പെടുത്തി പുസ്തകങ്ങൾ രചിക്കുകയും ചെയ്തിരുന്നു. ചരിത്രം തമസ്കരിച്ച പോരാട്ടം, മദ്റസ മുഅല്ലിം ഗൈഡ്, ദക്ഷിണേന്ത്യയിലെ മുസ്ലിം തീർത്ഥാടന കേന്ദ്രങ്ങൾ, ആഗ്ര - ഡൽഹി - അജിമീർ , ലക്ഷദ്വീപ് മുതൽ അന്തമാൻ - നിക്കോബാർ ദ്വീപ് വരെ , സ്മൃതിപഥം , തായിനേരി മഹല്ലിന്റെ ചരിത്രം, ചരിത്രം പൂവിട്ട മൺതരികളിലൂടെ , ഉലമാ ജ്ഞാനവീഥികളിലെ പാദ മുദ്രകൾ, ഏഴിമല -ദേശം - ചരിത്രം, ഏഴിമല തങ്ങൾ - കുടുംബം - ചരിത്രം, രാമന്തളി - ഏഴിമല - ചരിത്രം - സംസ്കാരം എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ. ചരിത്ര ഗ്രന്ഥകാരൻ എന്നതിനുപരി സഞ്ചാര പ്രിയൻ കൂടിയായിരുന്നു അസൈനാർ മാസ്റ്റർ.