പയ്യന്നൂർ: നഗരസഭയിൽ ഗ്രാമീണ മേഖലയിൽ ആരോഗ്യരംഗത്ത് പുരോഗതി കൈവരിക്കുന്നതിന്റെ ഭാഗമായി മൂന്ന് വെൽനസ് സെന്ററുകളും ഒരു പോളിക്ലിനിക്കും ആരംഭിക്കും. പയ്യന്നൂർ, കാനായി, വെള്ളൂർ എന്നിവിടങ്ങളിൽ പുതുതായി അർബൻ വെൽനസ് ക്ലിനിക്കുകളും മുത്തത്തി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഭാഗമായി അർബൻ പോളി ക്ലിനിക്കുമാണ് പുതുതായി ആരംഭിക്കുന്നത്. നഗരസഭക്ക് ലഭിച്ച 1.33 കോടി രൂപയുടെ ഗ്രാൻഡ് ഉപയോഗിച്ചാണ് പുതിയ പദ്ധതികൾ തുടങ്ങുന്നത്. കാനായി അർബൻ വെൽനസ് കേന്ദ്രത്തിന് കാനായി തോട്ടം കടവിലും, വെള്ളൂരിൽ ചന്തൻ കുഞ്ഞി ഹാളിന് സമീപത്തും, പയ്യന്നൂർ മമ്പലത്തും ആവശ്യമായ സൗകര്യങ്ങൾ ലഭ്യമായിട്ടുണ്ടെന്ന് നഗരസഭ ചെയർപേഴ്സൺ കെ.വി ലളിത പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും സെന്റർ ആരംഭിക്കുന്നതിനുമായി

41 ലക്ഷം രൂപ വീതം മൂന്ന് അർബൻ വെൽനസ് കേന്ദ്രങ്ങൾക്കായി നീക്കി വെച്ചിട്ടുണ്ട്. ഗ്രാമീണ മേഖലയിൽ ആരോഗ്യരംഗത്ത് വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നതിന് മുത്തത്തി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 10 ലക്ഷം രൂപയും അനുവദിച്ചു. ഇതിന് പുറമേ 2.65 കോടി രൂപയുടെ കർമ്മ പദ്ധതിയും തയ്യാറാക്കി അംഗീകാരത്തിനായി ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

ഗവ: താലൂക്ക് ആശുപത്രിയിൽ ഉപകരണങ്ങൾ വാങ്ങാൻ 4.5 ലക്ഷവും മരുന്നുകൾ വാങ്ങാൻ 1.67 ലക്ഷം രൂപയും , മുത്തത്തി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മരുന്നുകൾക്കായി ഒരു ലക്ഷം രൂപയും 13 കുടുംബക്ഷേമ കേന്ദ്രങ്ങൾക്കായി 3.9 ലക്ഷം രൂപയും കർമ്മ പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്. നഗരസഭയുടെ വയോമിത്രം, പാലിയേറ്റീവ് ക്ലിനിക്കുകൾ വിപുലീകരിക്കുന്നതിനും , പുതുതായി വയോമിത്രം യൂണിറ്റ് തുടങ്ങുന്നതിനും 50 ലക്ഷം രൂപയാണ് കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പദ്ധതികൾക്ക് അംഗീകാരം ലഭിച്ച് നടപ്പിലാകുന്നതോടുകൂടി പയ്യന്നൂരിന്റെ പൊതുജനാരോഗ്യ രംഗത്ത് കൂടുതൽ മികച്ച സേവനം ലഭ്യമാക്കുവാൻ സാധിക്കുമെന്നു കെ.വി. ലളിത പറഞ്ഞു.