നീലേശ്വരം: നഗരത്തെ ഇരുട്ടിലാക്കുന്ന പതിവ് വൈദ്യുതി മുടക്കത്തിന് പരിഹാരമാകുന്നു. വൈദ്യുതി ബോർഡിന്റെ തനത് പദ്ധതിയിലുൾപ്പെടുത്തി ഭൂഗർഭ വൈദ്യുതി ലൈൻ സംവിധാനം യാഥാർത്ഥ്യമാക്കുന്നതിന് മുന്നോടിയായുള്ള കേബിൾ കമ്മീഷനിംഗ് നീലേശ്വരം സബ്‌സ്റ്റേഷനിൽ പരിസരത്ത് നടന്നു. നീലേശ്വരം സബ് സ്റ്റേഷനിൽ നിന്ന് 11 കെ.വി. വൈദ്യുതി ലൈൻ സ്ഥാപിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.

കേബിളിന്റെ കൺട്രോൾ പാനൽ കൂടി സജ്ജമാകുന്നതോടെ ഒരു മാസത്തിനകം പദ്ധതി ഉദ്ഘാടനം ചെയ്യും. രണ്ടു കോടി രൂപ ചെലവിട്ട് നീലേശ്വരം സബ്‌സ്റ്റേഷൻ മുതൽ നീലേശ്വരം ടൗൺ വരെ അഞ്ച് കി.മീ ദൂരം ഭൂഗർഭ കേബിൾ നിർമ്മിച്ചാണ് തടസരഹിതമായി ഗുണമേന്മയുള്ള വൈദ്യുതി ലഭ്യമാക്കുന്നത്. നീലേശ്വരത്തെ വ്യാപാര സ്ഥാപനങ്ങൾക്ക് തലവേദനയായിരുന്നു ഇടയ്ക്കിടെ മുടങ്ങുന്ന വൈദ്യുതി തടസ്സം. മറ്റു ഫീഡറുകളിലെ വൈദ്യുതി തടസം നീലേശ്വരത്തെ ബാധിക്കാതിരിക്കൻ ഭൂഗർഭ ലൈനിലെ പുതിയ ഫീഡർ സഹായിക്കും. നഗരത്തിലെയും ചുറ്റുപാടുമുള്ള വീടുകളിലെയും വർദ്ധിച്ച വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാൻ ഇതിലൂടെ സാധിക്കും. കേബിൾ കമ്മീഷനിംഗിന്റെ ഉദ്ഘാടനം കാസർകോട് ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യുട്ടി ചീഫ് എൻജിനീയർ ടി.പി.ഹൈദരലി നിർവഹിച്ചു. കാഞ്ഞങ്ങാട് ഇലക്ട്രിക്കൽ ഡിവിഷൻ എക്സി. എൻജിനീയർ ടി.പി.ആശ അദ്ധ്യക്ഷത വഹിച്ചു.. നീലേശ്വരം ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസി. എക്സി.എൻജിനീയർ സുരേഷ് കുമാർ, പി.എം.യു.അസി.എക്സി.എൻജിനീയർ പി.വി.മധുസൂദനൻ, ചോയ്യംങ്കോട് വൈദ്യുതി സെക്ഷൻ അസി.എൻജിനീയർ ഇ.രാകേഷ് എന്നിവർ സംസാരിച്ചു.