മട്ടന്നൂർ: നെല്ലൂന്നിയിൽ വീട് കുത്തിത്തുറന്ന് കവർച്ച. 21 പവൻ സ്വർണ്ണവും 10,000 രൂപയും നഷ്ടമായി. മട്ടന്നൂർ- തലശ്ശേരി റോഡിൽ നെല്ലൂന്നി പെട്രോൾ പമ്പിന് സമീപത്തെ കൃഷ്ണ കൃപയിൽ വി.കെ. ഗംഗാധരൻ നമ്പ്യാരുടെ വീട്ടിലാണ് കവർച്ച നടന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാലോടെ ഗംഗാധരനും കുടുംബവും വീട് പൂട്ടി കണ്ണൂരിലെ ബന്ധു വീട്ടിൽ പോയിരുന്നു. രാത്രി പത്തോടെ തിരിച്ചെത്തിയപ്പോൾ മുൻ വശത്തെ ഇരുമ്പ് ഗ്രിൽസിന്റെ പൂട്ട് തകർത്ത നിലയിലും വാതിൽ കുത്തിത്തുറന്ന നിലയിലും കാണുകയായിരുന്നു. കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ച വസ്ത്രങ്ങൾ ഉൾപ്പെടെയുള്ളവ വാരിവലിച്ചിട്ട നിലയിലായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന വള, മാല, കമ്മൽ എന്നീ ആഭരണങ്ങളും പണവുമാണ് മോഷണം പോയത്. വീടിന് പുറത്ത് മോഷ്ടാവിന്റേതെന്നു കരുതുന്ന ഒരു ജോഡി ചെരുപ്പും കണ്ടെത്തി. കണ്ണൂരിൽ നിന്നും ഡോഗ് സ്ക്വാഡും ഫോറൻസിക് വിഭാഗവും വീട്ടിലെത്തി പരിശോധന നടത്തി. പൊലീസ് നായ മണം പിടിച്ച് വീടിന് ചുറ്റും ഓടി സമീപത്തുള്ള പറമ്പിലും ചുറ്റുമെത്തി. മട്ടന്നൂർ സി.ഐ എം. കൃഷ്ണൻ, എസ്.ഐ ശശിധരൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.