കാസർകോട്: അണങ്കൂരിലെ മണ്ണെണ്ണ സംഭരണ ഡിപ്പോയിൽ തീപിടുത്തം. ശനിയാഴ്ച വൈകുന്നേരം 5.45 മണിയോടെ ഉണ്ടായ അഗ്നിബാധയിൽ മണ്ണെണ്ണ ഗോഡൗൺ പൂർണ്ണമായും കത്തിനശിച്ചു. അണങ്കൂരിലെ മുനീറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഡിപ്പോ. തൊട്ടടുത്തുള്ള ഇയാളുടെ വീട്ടിലേക്കും വാഹനത്തിലേക്കും തീപടർന്നു. മുറിക്കുള്ളിലെ ഫർണിച്ചറുകൾ കത്തി. ഡിപ്പോയിൽ തൊഴിലാളികൾ ഇല്ലാതിരുന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു.
മണ്ണെണ്ണ സംഭരണ ഡിപ്പോ അനധികൃതമായി പ്രവർത്തിക്കുന്നതാണെന്നാണ് വിവരം. നേരത്തെ സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ മണ്ണെണ്ണ സംഭരണ ഡിപ്പോ ആയി ഇത് പ്രവർത്തിച്ചിരുന്നു. എന്നാൽ കുറേ കാലമായി സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഈ ഡിപ്പോ അധികൃതർക്ക് മണ്ണെണ്ണ നൽകുന്നില്ലെന്ന് സപ്ലൈ ഓഫീസർ കെ.എൻ ബിന്ദു 'കേരളകൗമുദി'യോട് പറഞ്ഞു. കോർപ്പറേഷന്റെ കണക്കിൽ ഇങ്ങനെ ഒരു ഡിപ്പോ പ്രവർത്തിക്കുന്നില്ലെന്നും സപ്ലൈ ഓഫീസർ വെളിപ്പെടുത്തി. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി ഇക്കാര്യം ഉറപ്പ് വരുത്തിയിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്നും അവർ പറഞ്ഞു.
ഗോഡൗൺ കെട്ടിടത്തിന് തീ പടർന്നു പിടിച്ച് 50 മീറ്റർ ഉയരത്തിൽ തീ ആളിപ്പടരുകയായിരുന്നു. ഇത് കാരണം പരിസര വാസികൾക്കൊന്നും അങ്ങോട്ട് അടുക്കാൻ കഴിഞ്ഞിരുന്നില്ല. ഉഗ്ര സ്ഫോടനത്തോടെയാണ് ഗോഡൗൺ കത്തിയത്. വിദ്യാനഗർ സ്കൗട്ട് ഭവന് തൊട്ടു പിറകിൽ ആയാണ് മണ്ണെണ്ണ സംഭരണ ഡിപ്പോ പ്രവർത്തിച്ചിരുന്നത്. കാസർകോട് നിന്നും അഗ്നിശമന സേന സ്റ്റേഷൻ ഓഫീസർ പ്രകാശ് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി. പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ അഗ്നിശമന രക്ഷാസേനയുടെ മൂന്നു വണ്ടികൾ എത്തി മണിക്കൂറോളം പ്രവർത്തിച്ചാണ് തീയണച്ചത്. രാത്രി എട്ടു മണിയോടെയാണ് തീ കെടുത്താൻ സാധിച്ചത്. തീപിടുത്തതിനുള്ള കാരണം വ്യക്തമായിട്ടില്ല.