
സുഹൃത്തിനെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടു
'അഞ്ചാംപാതിര' സിനിമ പ്രചോദനമായെന്നും പ്രതി
പാനൂർ (കണ്ണൂർ): പ്രണയ നൈരാശ്യത്തെത്തുടർന്ന് പാനൂർ വള്‌ള്യായിയിൽ വിഷ്ണുപ്രിയയെ (23) അരുംകൊല ചെയ്ത പ്രതി ശ്യാംജിത്ത്, യുവതിയുടെ ആൺ സുഹൃത്തായ പൊന്നാനി സ്വദേശിയേയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി മൊഴി. വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത് സ്വന്തമായി നിർമ്മിച്ച കത്തി ഉപയോഗിച്ചാണെന്നും പ്രതി പറഞ്ഞു. ഇതുൾപ്പെടെ കൊലയ്ക്കു ഉപയോഗിച്ച ആയുധങ്ങൾ തെളിവെടുപ്പിൽ പൊലീസ് കണ്ടെത്തി.
തന്നോടുള്ള പ്രണയം അവസാനിപ്പിച്ചതോടെയാണ് പൊന്നാനി സ്വദേശിയുമായി വിഷ്ണുപ്രിയ അടുപ്പത്തിലായതെന്ന സംശയത്തിലാണ് ഇയാളെയും കൊല്ലാൻ പ്രതി പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു. ഈ സുഹൃത്തുമായി വീഡിയോ കാളിലായിരുന്ന സമയത്താണ് ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയത്. ശ്യാംജിത്ത് വരുന്നത് സുഹൃത്ത് ഫോണിലൂടെ കണ്ടിരുന്നു. ഇയാൾ നൽകിയ സൂചനയിലാണ് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്. ഇയാളെ കേസിൽ സാക്ഷിയാക്കും.
സീരിയൽ കില്ലറുടെ കഥ പറയുന്ന മലയാളം സിനിമ 'അഞ്ചാംപാതിര'യാണ് പ്രചോദനമായതെന്നും പ്രതി മൊഴി നൽകി. ഇതാണ് സ്വന്തമായി കത്തിയുണ്ടാക്കി കൊലപാതകം നടത്താനും പ്രേരണയായത്. കടയിൽ നിന്ന് വാങ്ങിയാൽ പിടിക്കപ്പെടുമെന്നും കടക്കാരൻ സാക്ഷിയാകുമെന്നും കണക്കുകൂട്ടി. കൂത്തുപറമ്പിലെ ഒരു കടയിൽ നിന്നും ഇരുമ്പു വാങ്ങി രാകി മിനുക്കിയാണ് കത്തി നിർമ്മിച്ചത്. ഇതിന്റെ അവശിഷ്ടങ്ങളും അനുബന്ധ സാമഗ്രികളും തെളിവെടുപ്പിൽ കണ്ടെടുത്തു.
കത്തിയും ചുറ്റികയും
കണ്ടെടുത്തു
കൊലപ്പെടുത്താൻ ഉപയോഗിച്ച ചുറ്റികയും കത്തിയും ഒരു ബാഗിലാക്കി
മാനന്തേരിയിലെ ഒരു കുളത്തിലാണ് ഉപേക്ഷിച്ചത്. ഇതിനുമുകളിൽ ഒരു കല്ലുംവച്ചിരുന്നു. ഇന്നലെ പ്രതിയുമായി നടത്തിയ തെളിവെടുപ്പിൽ ഇവ കണ്ടെത്തി. ബാഗിൽ കൊലപാതക സമയത്ത് ഉപയോഗിച്ചിരുന്ന മാസ്ക്, തൊപ്പി, സ്ക്രൂ ഡ്രൈവർ, മുളകുപൊടി, കയർ എന്നിവയുമുണ്ടായിരുന്നു. പ്രതിയുടെ ചോരപുരണ്ട വസ്ത്രങ്ങളും കണ്ടെടുത്തു. വിഷ്ണുപ്രിയയെ വിളിക്കാൻ ശ്രമിച്ച മറ്റൊരു സിംകാർഡും കണ്ടെത്തി. ബൈക്കും കസ്റ്റഡിയിലെടുത്തു.
ബാഗിൽ ബാർബർ
ഷോപ്പിലെ മുടിയും
കുളത്തിൽ ഉപേക്ഷിച്ച ബാഗിൽ ആയുധങ്ങൾക്കൊപ്പം ബാർബർ ഷോപ്പിൽ നിന്ന് ശേഖരിച്ച മുടിയും വിതറിയിരുന്നു. മുടി കണ്ടാൽ ആരും ബാഗ് തുറന്നുനോക്കില്ലെന്ന് കരുതിയാണ് ഇങ്ങനെ ചെയ്തതെന്നാണ് പ്രതിയുടെ മൊഴി.
'ശിക്ഷ 14 വർഷമല്ലേ..'
'പതിനാലു വർഷമല്ലേ ശിക്ഷ?, എനിക്ക് 39 വയസ് ആകുമ്പോഴേക്കും ഞാൻ പുറത്തിറങ്ങും. ശിക്ഷയൊക്കെ ഞാൻ ഗൂഗിളിൽ നോക്കി മനസിലാക്കിയിട്ടുണ്ട്..' 25കാരനായ പ്രതി ചോദ്യം ചെയ്യലിനിടെ പൊലീസിനോട് പറഞ്ഞ വാക്കുകൾ. കൂസലില്ലാതെയായിരുന്നു ചോദ്യങ്ങൾക്കുള്ള മറുപടി.