aswin
ഹെലികോപ്ടർ അപകടത്തിൽ മരിച്ച സൈനികൻ അശ്വിന്റെ മൃതദേഹം സംസ്കരിക്കാൻ തയ്യാറാക്കിയ സ്ഥലം

സംസ്ക്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ

ചെറുവത്തൂർ : അരുണാചലിലെ ഹെലികോപ്റ്റർ ദുരന്തത്തിൽ വീരമൃത്യു വരിച്ച ധീര യോദ്ധാവ് കെ.വി അശ്വിന് അർഹിക്കുന്ന വിട നൽകാൻ തയ്യാറെടുപ്പുകൾ പൂർത്തീകരിച്ചിരിക്കുകയാണ് കിഴക്കേമുറി ഗ്രാമം. രാജ്യ സേവനത്തിനിടെ ഉണ്ടായ അശ്വിന്റെ മരണം ഇനിയും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല നാട്ടുകാർക്കും ബന്ധുക്കൾക്കും.

അസം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ മൃതദേഹം ശേഷം ബംഗളൂരു വഴി ഞായറാഴ്ച വൈകിട്ട് കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചു. രാത്രി ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ഇന്നു രാവിലെ എട്ടരയോടെ കിഴക്കേമുറി പൊതുജന വായനശാലയുടെയും വിക്ടറി ക്ലബിന്റെയും അങ്കണത്തിൽ പൊതുദർശനത്തിന് വക്കും. തുടർന്ന് സൈനിക ബഹുമതികളോടെ സംസ്കാരം നടക്കും. അശ്വിന്റെ വീട്ടുവളപ്പിന് മുൻഭാഗത്തെ സ്ഥലത്ത് ഭൗതികശരീരം സാംസ്‌ക്കരിക്കാനുള്ള ചിത ഒരുക്കും. ഇതിനുള്ള നടപടികൾ പൂർത്തിയായി കഴിഞ്ഞതായി കിഴക്കേമുറി പൊതുജന വായനശാല പ്രസിഡന്റ് എം.ചന്ദ്രൻ അറിയിച്ചു.

ഓണാവധി കഴിഞ്ഞ് തിരിച്ചുപോയ അശ്വിൻ നിത്യതയിലേക്ക് യാത്രയായിയെന്ന വിവരം വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് എത്തിയത്. സൈനിക കേന്ദ്രത്തിൽ നിന്നുള്ള വിവരം തൊട്ടടുത്തുള്ള വിമുക്തഭടനെ വിവരമറിയിച്ച് വ്യക്തത വരുത്തുകയായിരുന്നു.മികച്ച കബഡിതാരമായിരുന്ന അശ്വിൻ നാട്ടിലെ യുവാക്കൾക്ക് ഒരു മാതൃകയായിരുന്നുവെന്ന് വിക്ടർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡന്റും സുഹൃത്തുമായ പി. വി സുരേന്ദ്രൻ പറയുന്നു.

അച്ഛൻ അശോകൻ മടക്കരയിൽ നടത്തിയിരുന്ന ബേക്കറി പത്തുവർഷം മുമ്പ് കടബാദ്ധ്യതയെ തുടർന്ന് പൂട്ടുകയായിരുന്നു. ഇതിന് ശേഷം അശോകൻ കൂലിപ്പണി ചെയ്തും അമ്മ കെ.വി കൗസല്യ ബീഡി തെറുത്തുമാണ് മക്കളെ വളർത്തിയത്. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് അശ്വിൻ പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയത്. വീട്ടിലെ കഷ്ടപ്പാട് കാരണം ഡിഗ്രി പഠനം ഉപേക്ഷിച്ചാണ് ഇരുപതാം വയസ്സിൽ പട്ടാളത്തിൽ ചേർന്നത്. അശ്വിന് ജോലി കിട്ടിയതിന് ശേഷം സാമ്പത്തിക പരാധീനതകൾ തരണം ചെയ്തുവരുന്നതിനിടയിലാണ് ഹെലികോപ്റ്റർ ദുരന്തം ഈ കുടുംബത്തിന്റെ പ്രത്യാശകൾ കെടുത്തിയത്.