
കിഴക്കേമുറി(കാസർകോട്): അരുണാചലിൽ ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച സൈനികൻ അശ്വിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ കേന്ദ്ര ടൂറിസം സഹമന്ത്രി ശ്രീപദ് നായക്ക് ഇന്നലെ ഉച്ചയോടെ ചെറുവത്തൂർ കിഴക്കേ മുറിയിലെ വീട്ടിലെത്തി. മരിച്ച അശ്വിന്റെ പിതാവ് അശോകൻ, മാതാവ് കൗസല്യ, സഹോദരിമാർ, മറ്റു ബന്ധുക്കൾ എന്നിവരെ കണ്ട കേന്ദ്രമന്ത്രി, അശ്വിന്റെ വിയോഗത്തിലുള്ള
രാജ്യത്തിന്റെ ദുഃഖം അറിയിച്ചു. ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീളയോട് അദ്ദേഹം കുടുംബത്തിന്റെ സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞു.
'കുടുംബത്തിലെ ഏക മകൻ നഷ്ടപ്പെട്ട ദുഃഖം താങ്ങാൻ കഴിയാത്തതാണ്. മകന്റെ വിയോഗത്തിന്റെ ആഘാതം താങ്ങാൻ ദൈവം കരുത്തു നൽകട്ടെ" എന്ന് മന്ത്രി സാന്ത്വനിപ്പിച്ചു. അകത്തെ മുറിയിൽ തളർന്നു കിടന്നിരുന്ന അമ്മ കൗസല്യയുടെ സങ്കടം അണപൊട്ടി... 'എന്റെ മോനെ തിരിച്ചു താ സാറെ.., അവൻ ഒരു തെറ്റും ചെയ്തിട്ടില്ല, ഓനെ കാണിക്ക് സാറെ ... എന്ന് പറഞ്ഞു ആ അമ്മ നിലവിളിച്ചു. എന്നും ഒപ്പമുണ്ടാകുമെന്ന് ആശ്വസിപ്പിച്ചാണ് ശ്രീപദ് നായക്ക് മടങ്ങിയത്.
രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച രാജ്യത്തിന്റെ പുത്രനാണ് അശ്വിനെന്ന് ശ്രീപദ് നായക്ക് 'കേരള കൗമുദി"യോട് പറഞ്ഞു. കുടുംബത്തിന്റെയും ഗ്രാമത്തിന്റെയും ദുഃഖത്തിൽ കേന്ദ്രസർക്കാർ പങ്കുചേരുന്നു. ധീരനായ ജവാന്റെ സേവനം രാജ്യം എന്നും മാനിക്കും. അശ്വിന്റെ കുടുംബത്തെ സഹായിക്കാൻ പരിശ്രമിക്കും. കുടുംബ പശ്ചാത്തലം കേന്ദ്ര ആഭ്യന്തര, പ്രതിരോധ മന്ത്രിമാരെ ധരിപ്പിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.