shyam
വിഷ്ണുപ്രിയ കൊലപാതക കേസിൽ അറസ്റ്റിലായ ശ്യാംജിത്ത് തെളിവെടുപ്പിനിടെ

പാനൂർ(കണ്ണൂർ) മൊകേരി വളള്യായിയിൽ വിഷ്ണുപ്രിയ(23)യെ വീട്ടിൽകയറി കഴുത്തറുത്ത കേസിലെ പ്രതി മാനന്തേരി സ്വദേശി ശ്യാംജിതിന് പ്രചോദനമായത് സീരിയൽ കില്ലറുടെ കഥ പറഞ്ഞ അഞ്ചാം പാതിരയെന്ന മലയാളസിനിമയെന്ന് പൊലീസിന്റെ കണ്ടെത്തൽ. ഇതിൽ കൊടുംവേദനയനുഭവിപ്പിച്ചു ഇരയെ കൊല്ലാനായി കഥാപാത്രം സ്വന്തമായി കത്തിയുണ്ടാക്കുന്ന രീതിയുണ്ട്. ഇതുകണ്ടാണ് കത്തി സ്വയമുണ്ടാക്കി കൊല നടത്താൻ തീരുമാനിച്ചത്.വധിക്കാനായി ഇരുതല മൂർച്ചയുള്ള കത്തി സ്വന്തമായി നിർമ്മിച്ച പ്രതി, പാനൂരിലെ വീട്ടിൽ വെച്ച് ചുറ്റിക കൊണ്ട് യുവതിയെ തലക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
ക്രൂരമായ കൊലപാതക കൃത്യം നടത്തിയ ശ്യാംജിത്ത് പിന്നീട് ഇതേ വീട്ടിൽ വച്ച് തന്നെ വസ്ത്രം മാറി. കൈയുറയും മാസ്‌കും സോക്സും ഷൂസും കൊല്ലാൻ ഉപയോഗിച്ച കത്തിയും ചുറ്റികയും ഇരുമ്പ് കമ്പിയും അറ്റകൈ പ്രയോഗത്തിനായി കൈയിൽ കരുതിയ മുളകുപൊടിയും അടക്കം ബാഗിൽ വച്ചതിനു ശേഷം ഒന്നും സംഭവിക്കാത്തതു പോലെ ഇടവഴിയിലൂടെ നടന്നു പോകുകയായിരുന്നു. മെയിൻ റോഡിൽ വച്ച തന്റെ ബൈക്കിൽ കയറി മാനന്തേരിയിലുള്ള വീട്ടിലേക്കാണ് ഈയാൾ പോയത്. കൊല്ലാനുപയോഗിച്ച ഇതേ ബാഗിൽ ഒരു ബാർബർ ഷോപ്പിൽ നിന്നെടുത്ത തലമുടിയും വച്ചിരുന്നു. മുടി അടങ്ങിയ ബാഗ് ആരും തുറന്നുപരിശോധിക്കാൻ തയ്യാറാകില്ലെന്നായിരുന്നു പ്രതിയുടെ കണക്കുകൂട്ടൽ.മായിരുന്നു ഇങ്ങനെ ചെയ്തത്.
ബൈക്കുമായി നേരെ മാനന്തേരിയിലേക്കാണ് ശ്യാംജിത് പോയത്. വീടിനടുത്തുള്ള ചതുപ്പിൽ ബാഗ് വച്ച് അതിന് മീതെ ഒരു കല്ലും ശ്യാംജിത്ത് എടുത്ത് വെച്ചു. ഇതിനു ശേഷം ഉച്ചയോടെ സ്വന്തം വീട്ടിൽ പോയി. കുളിച്ച് വസ്ത്രം മാറിയ ശേഷം മാനന്തേരി സത്രത്തിൽ അച്ഛന്റെ ഹോട്ടലിലേക്കും ഇയാൾ പോയി. ഹോട്ടലിൽ ഭക്ഷണം വിളമ്പി കൊടുക്കാനും സഹായിച്ചു. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് മൊബൈൽ ടവർ ലൊക്കേഷൻ മനസിലാക്കി മാനന്തേരിയിലെത്തിയപ്പോൾ എതിർപ്പു പ്രകടിപ്പിക്കാതെ ഈയാൾ പൊലീസ് ജീപ്പിൽ കയറി. കൂത്തുപറമ്പ് സ്‌റ്റേഷനിൽ എ.സി.പി പ്രദീപൻ കണ്ണിപൊയിലിന്റെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിൽ കുറ്റസമ്മത മൊഴി നൽകുകയും ചെയ്തു. ഇതോടെയാണ് പൊലീസ് ഇയാളുടെ അറസ്റ്റു രേഖപ്പെടുത്തിയത്.