പാനൂർ(കണ്ണൂർ) : പാനൂരിനടുത്തെ മൊകേരി വളള്യായിയിൽ വിഷ്ണുപ്രിയയെ(23) കൊന്ന കേസിലെ പ്രതി ശ്യാംജിത്ത് തെളിവെടുപ്പിൽ പങ്കെടുത്തത് തീർത്തും അക്ഷോഭ്യനായി. അരുംകൊല നടത്തിയതിന്റെ നേരിയ കുറ്റബോധമോ പരിഭ്രമമോ തെളിവെടുപ്പ് സമയത്ത് തടിച്ചുകൂടിയ സ്വന്തം നാട്ടുകാർക്ക് മുൻപിൽ കുറ്റവാളിയായി നിൽക്കുമ്പോഴും ഈയാൾക്കുണ്ടായിരുന്നില്ല. തെളിവെടുപ്പിടെ താൻ ഒളിച്ചിച്ച ആയുധങ്ങളും വസ്ത്രങ്ങളും തന്നതാനെടുത്തു നൽകാനും ശ്യാംജിത്ത് തയ്യാറായി.
സ്വന്തം അച്ഛനും സഹോദരിയും ശ്യാംജിത്തിനെ കണ്ടു ഹൃദയം നുറുങ്ങുന്ന വേദനയയോടെ വിങ്ങിപൊട്ടുമ്പോഴും ശ്യാംജിത്ത് വികാരരഹിതനായിരുന്നു. ബൈക്കിന്റെ ചാവിയുള്ള സ്ഥലം അച്ഛന് പറഞ്ഞുകൊടുത്തതും ശ്യാംജിത്ത് തന്നെയായിരുന്നു. പലപ്പോഴും പരിചയക്കാരെ കാണുമ്പോൾ നേരിയ ഒരു ചിരിയും ആ മുഖത്ത് പ്രതിഫലിച്ചു.നാടിനെ നടുക്കിയ കൊലപാതകം നടത്തിയത് താനാണെന്ന ഭാവം പോലും ശ്യാംജിത്തിനില്ലാത്തത് നാട്ടുകാരെയും അത്ഭുതപ്പെടുത്തി. പൊലീസ് ചോദ്യം ചെയ്യലിലും ഇതേ മനോഭാവം തന്നെയായിരുന്നു ഈയാൾക്ക്. കൂത്തുപറമ്പ് എ.സി.പിയുടെ ചോദ്യങ്ങൾക്ക് മുൻപിൽ ഒരു കൂസലില്ലാതെയാണ് കൃത്യമായി മറുപടി പറഞ്ഞത്.
ഒരു ഇരുപത്തിയഞ്ചു വയസുകാരനാണ് തന്റെ മുൻപിലിരുന്ന് ഒരു കൂസലുമില്ലാതെ ചെയ്ത കൊലപാതകത്തെ കുറിച്ച് വിശദീകരിക്കുന്നതെന്ന കാര്യം ഇതിനുമുൻപിലില്ലാത്ത അനുഭവമാണെന്ന് അന്വേഷണോദ്യോഗസ്ഥനും പറയുന്നു. ഏതൊരു അന്വേഷണ ഉദ്യോഗസ്ഥന്റെയും മനസ് പതറുന്ന കൊടുംക്രൂരതയുടെ നേർചിത്രമാണ് പ്രതി പറഞ്ഞത്. 'എനിക്കപ്പോൾ 25 വയസേയുള്ളൂ. 14 വർഷമല്ലേ ശിക്ഷ? അത് ഗൂഗിളിൽ ഞാൻ കണ്ടിട്ടുണ്ട്. 39ാം വയസിൽ പുറത്തിറങ്ങും. തനിക്കൊന്നും നഷ്ടപ്പെടാനില്ല' ശ്യാംജിത്തിന്റെ വാക്കുകളിൽ ചോരയുടെ നിറമുള്ള പക മാത്രമായിരുന്നു. തലശേരി കോടതി മജിസ്‌ട്രേറ്റിന് മുൻപാകെ ഹാജരാക്കിയ ശ്യാംജിത്തിനെ റിമാൻഡ് ചെയ്തു.