
പാനൂർ: മാനന്തേരി സത്രത്തിൽ പിതാവിന്റെ ഹോട്ടലിൽ സംഭവദിവസം രാവിലെ പത്തരവരെ ജോലി ചെയ്തശേഷമാണ് പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയത്. മുത്തശ്ശി മരിച്ചതിനാൽ വിഷ്ണുപ്രിയ വീട്ടിൽ കാണുമെന്ന് ഉറപ്പിച്ചിരുന്നു. കൊലപാതകം നടത്താനായി ചുറ്റികയും കത്തിയുമടക്കം ബാഗിൽ കരുതി. കൊലയ്ക്കുശേഷം അങ്ങാടിക്കുളത്തിൽ കുളിയും കഴിഞ്ഞ് തിരികെ ഹോട്ടലിലെത്തി ജോലി തുടർന്നു. കൃത്യമായ ആസൂത്രണത്തിലൂടെയാണ് ശ്യാംജിത്ത് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.
'ശ്യാംജിത്തേ' എന്ന് വിളിച്ചു
സുഹൃത്ത് പൊന്നാനി സ്വദേശിയായ യുവാവുമായി വീഡിയോ കാൾ നടത്തുന്നതിനിടെ വീട്ടിൽ അതിക്രമിച്ചുകയറി തന്റെ പിന്നിലെത്തിയ പ്രതി ശ്യാംജിത്തിനെ കണ്ട് ഞെട്ടിത്തരിച്ച് 'ശ്യാംജിത്തേ' എന്ന് വിഷ്ണുപ്രിയ വിളിച്ചിരുന്നു. അപ്പോഴേക്കും പ്രതി വിഷ്ണുപ്രിയയുടെ തലയ്ക്ക് ചുറ്റികകൊണ്ട് അടിച്ചു. ഇതോടെ ഫോൺ നിലത്തുവീണു. വീഡിയോ കട്ടായി. ശ്യാംജിത്ത് വരുന്നത് പൊന്നാനി സ്വദേശി വിഡിയോ കാളിനിടെ കണ്ടിരുന്നു. ഫോൺ കട്ടായതോടെ വിഷ്ണുപ്രിയയ്ക്ക് എന്തോ സംഭവിച്ചുവെന്ന് ഇയാൾക്ക് ബോധ്യമായി. പരിഭ്രാന്തനായി ഉടൻ കൊളവല്ലൂർ പൊലിസ് സ്‌റ്റേഷനിൽ വിവരമറിയിച്ചു. തറവാട്ടു വീട്ടിലുണ്ടായിരുന്ന വിഷ്ണുപ്രിയയുടെ ബന്ധുക്കളെയും വിളിച്ചു. ഇങ്ങനെയാണ് ഇവർ വീട്ടിലേക്ക് ഓടിയെത്തുന്നത്. പ്രതിയെ പിടികൂടാൻ പൊലീസിന് സഹായകരമായതും ഇയാൾ നൽകിയ വിവരമാണ്.