vishnupriya

പാനൂർ (കണ്ണൂർ)​: കഴിഞ്ഞ ദിവസം കൊലചെയ്യപ്പെട്ട വിഷ്ണുപ്രിയയ്ക്ക് വീട്ടുകാരും നാട്ടുകാരും കണ്ണീരോടെ യാത്രാമൊഴിയേകി. മൊകേരിയിലെ വള്ള്‌യായിലെ വീട്ടുവളപ്പിൽ ഇന്നലെയായിരുന്നു സംസ്കാരം. പരിയാരം മെഡിക്കൽ കോളേജിൽ നിന്നു പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ഉച്ചയ്ക്ക് രണ്ടരയോടെയാണ് മൃതദേഹം വീട്ടിൽ എത്തിച്ചത്. മുഞ്ഞോളിൽ പീടികയ്ക്ക് മുന്നിൽ പൊതുദർശനത്തിന് വച്ചു. വിഷ്ണുപ്രിയയുടെ പിതാവ് വിനോദ് വിദേശത്ത് നിന്ന് ഇന്നലെപുലർച്ചെ 12 മണിയോടെ എത്തിയിരുന്നു. വൻജനാവലിയാണ് വിഷ്ണുപ്രിയയ്ക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും ഏറെ പ്രിയങ്കരിയായിരുന്നു വിഷ്ണുപ്രിയ. പി.സന്തോഷ് എം.പി,​ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, കെ.പി. മോഹനൻ എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, പി.ജയരാജൻ, മൊകേരി പഞ്ചായത്ത് പ്രസിഡന്റ് പി.വത്സൻ തുടങ്ങിയവരും അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.