
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ വിമാനത്തിനുള്ളിൽ നിന്നും ഒന്നരക്കോടിയോളം രൂപ വരുന്ന സ്വർണം കണ്ടെടുത്തു. ശനിയാഴ്ച വൈകിട്ട് അബുദാബിയിൽ നിന്നും കണ്ണൂരിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനുളളിലെ ശുചിമുറിയിലുണ്ടായിരുന്ന ചവറ്റുകുട്ടയിൽ നിന്നാണ് 2831 ഗ്രാം സ്വർണം കണ്ടെടുത്തത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം നാല് പ്ലാസ്റ്റിക് കവറുകളിലാക്കിയ നിലയിലായിരുന്നു. ശുചീകരണ തൊഴിലാളികളാണ് വിവരം കസ്റ്റംസിനെ വിവരമറിയിക്കുകയായിരുന്നു. കടത്തിക്കൊണ്ടു വന്ന സ്വർണം പിടികൂടുന്നതിന് മുമ്പ് ഉപേക്ഷിച്ചതാകാമെന്നാണ് കരുതുന്നത്. ആരെങ്കിലും വന്ന് എടുക്കുന്നതിനു വേണ്ടി സ്വർണം മാലിന്യത്തിനൊപ്പം വെച്ചതാണോയെന്നും കസ്റ്റംസ് സംശയിക്കുന്നുണ്ട്.സംഭവത്തിൽ കസ്റ്റംസ് അന്വേഷണം തുടങ്ങി.കസ്റ്റംസ് അസി.കമ്മീഷണർ ഇ.വികാസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.