veed
മണ്ണെണ്ണ ബാരലിന് തീപിടിച്ചു കത്തിനശിച്ച അണങ്കൂരിലെ ഓലത്തിരി അബ്ദുള്ളയുടെ വീട്

കാസർകോട് : വിദ്യാനഗർ അണങ്കൂർ സ്‌കൗട്ട് ഭവന് സമീപമുള്ള അനധികൃത മണ്ണെണ്ണ സംഭരണ കേന്ദ്രവും ഉടമയുടെ വീടും കത്തിനശിച്ച സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് അന്വേഷണം ഊർജിതമാക്കി. വീട്ടുടമ അണങ്കൂരിലെ ഓലത്തിരി അബ്ദുള്ളയും സഹോദരൻ മുനീറും സംഭവത്തിന് ശേഷം ഒളിവിലാണ്. ഇന്നലെ നിരവധി തവണ പൊലീസ് ഇവരെ അന്വേഷിച്ചു വീട്ടിൽ പോയിരുന്നു.

കത്തിയ അബ്ദുള്ളയുടെ വീടിന്റെ അമ്പത് മീറ്റർ ദൂരത്താണ് സഹോദരൻ മുനീർ താമസിക്കുന്നത്. സ്ത്രീകൾ മാത്രമാണ് ഇപ്പോൾ വീട്ടിലുള്ളത്. എന്താണ് സംഭവിച്ചതെന്നോ മണ്ണെണ്ണ എവിടെ നിന്ന് കൊണ്ടുവന്നു എന്നോ ഞങ്ങൾക്ക് ഒന്നും അറിയില്ലെന്നാണ് സ്ത്രീകൾ പൊലീസിനോട് പറഞ്ഞത്. അബ്ദുള്ളയുടെ വീട്ടു മുറ്റത്ത് ഉണ്ടായിരുന്ന ആറു ബാരൽ മണ്ണെണ്ണയാണ് കത്തിനശിച്ചത്. മണ്ണെണ്ണ ടാങ്കിന് തീപിടിച്ചാണ് സമീപത്തെ വീട്ടിലേക്ക് തീ പടർന്നത്. അഗ്നിബാധക്ക് മാത്രമാണ് പൊലീസ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്. അനേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് കരുതുന്നത്.

അനധികൃതമായി സൂക്ഷിച്ചു വെക്കാനും വില്പന നടത്താനും ഈ സഹോദരന്മാർക്ക് എവിടെ നിന്നാണ് മണ്ണെണ്ണ കിട്ടിയതെന്നത് ഇപ്പോഴും ദുരൂഹമാണ്. ബോട്ടുമായി കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളും ചില്ലറ വില്പനക്കാരും ഈ സംഭരണ ഡിപ്പോയിൽ എത്തി മണ്ണെണ്ണ വാങ്ങി പോകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. അതേസമയം സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഇവർക്ക് മണ്ണെണ്ണ നൽകുന്നുമില്ല. മത്സ്യത്തൊഴിലാളികൾക്ക് സബ്‌സിഡി നിരക്കിൽ 37 രൂപയ്ക്കാണ് സർക്കാർ മണ്ണെണ്ണ നൽകുന്നത്. റേഷൻ കാർഡ് ഉടമകൾക്ക് പരിമിതമായ മണ്ണെണ്ണ നൽകുന്നത് ലിറ്ററിന് 88 രൂപയ്ക്കാണ്. ഇരട്ടി വിലക്കാണ് ബ്ലാക്കിൽ ഇവിടെ നിന്ന് മണ്ണെണ്ണ വില്പന നടത്തിയതെന്ന് സൂചനയുണ്ട്. പെർമിറ്റുകൾ ശേഖരിച്ചു മണ്ണെണ്ണ വാങ്ങി സംഭരിച്ചു വെച്ച് ഇരട്ടി വിലക്ക് വിൽക്കുന്നതാണോ മംഗളൂരുവിൽ നിന്ന് അനധികൃതമായി കടത്തി കൊണ്ടുവന്ന് സൂക്ഷിച്ചുവച്ചതാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കത്തിയ വീടും ബാരലുകളും ഫോറൻസിക് വിദഗ്ധർ പിന്നാലെയെത്തി പരിശോധിച്ച് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.