പാനൂർ:നാടിന്റെ കണ്ണീർ പൂവായി അവരുടെ പ്രിയപ്പെട്ട അമ്മുവിന്(വിഷ്ണുപ്രിയ)യാത്രാമൊഴിയേകി. പ്രണയപകയുടെ കൊലക്കത്തി മുനയ്ക്കു മുൻപിൽ ജീവൻവെടിയേണ്ടി വന്ന പെൺകുട്ടിയെ ഒരുനോക്കു കാണാനായി നൂറുകണക്കിനാളുകളാണ് മൊകേരി വളള്യായി ഗ്രാമത്തിലെ വീട്ടിലേക്ക് എത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് പരിയാരത്തെ കണ്ണൂർ മെഡിക്കൽകോളേജ് ആശുപത്രിയിൽ നിന്നും ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള ആംബുലൻസ് വിഷ്ണുപ്രിയയുടെ വീട്ടിലേക്കെത്തിയത്.
ഇതിനു മുൻപായി വീട്ടുപരിസരത്തെ മുഞ്ഞോളിൽ പിടികയ്ക്ക് മുൻപിലും പൊതുദർശനത്തിനു വെച്ചു. വീട്ടിലെത്തിച്ച ചേതനയറ്റ മകളുടെ മൃതദേഹം കണ്ടു അച്ഛൻ വിനോദും അമ്മ ബിന്ദുവും വാവിട്ടുകരഞ്ഞു. തളർന്നു വീണ വിനോദിനെ താങ്ങിയെടുത്ത് നാട്ടുകാർ മുറിയിൽ കൊണ്ടു പോയി കിടത്തി. നിറകണ്ണുകളോടെയാണ് സഹോദരങ്ങൾ വിഷ്ണുപ്രിയയെ അവസാനനോക്കുകണ്ടത്.ശനിയാഴ്ച്ച രാവിലെ നടന്ന അരുംകൊലയുടെ വാർത്തയറിഞ്ഞതു മുതൽ വളള്യായി ഗ്രാമത്തിലേക്ക് ജനക്കൂട്ടമൊഴുകിയെത്തിയിരുന്നു. ഇന്നലെ രാവിലെ മുതലും ജനപ്രവാഹമുണ്ടായി. ഉച്ചയോടെ വിഷ്ണുപ്രീയയുടെ വീടും പരിസരവും ജനനിബിഡമായിരുന്നു. വിഷ്ണുപ്രിയയുടെ അച്ഛൻ വിനോദ് ഖത്തറിൽ നിന്നും ശനിയാഴ്ച്ച രാത്രി പന്ത്രണ്ടുമണിയോടെയാണ് കണ്ണൂരിൽ ഇറങ്ങിയത്. വീട്ടുമുറ്റത്ത് നടന്ന അന്തിമ കർമ്മങ്ങൾക്ക് ശേഷം വീട്ടുവളപ്പിൽ വിഷ്ണുപ്രിയയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ മറവുചെയ്തു. അഡ്വ. പി.സന്തോഷ് കുമാർ എംപി, കെ.കെ ശൈലജ എം. എൽ. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസി.പി പി ദിവ്യ്,', കെ.പി. മോഹനൻ എം.എൽ.എ., സി.പി.എം ജില്ല സെക്രട്ടറി എം.വി ജയരാജൻ ,പി.ജയരാജൻ, കെ.ഇ.' കുഞ്ഞബ്ദുള്ള,മൊകേരിപഞ്ചായത്ത് പ്രസിഡണ്ട് പി.വത്സൻകെ. .പി സാജു, കെ ധനജ്ഞൻ, പി സത്യപ്രകാശ്, അഡ്വ.ഷിജിലാൽ, വി.പി ഷാജി പി.കെ പ്രവീൺ, വി.സുരേന്ദ്രൻ, കെ.പി ഹാഷിം, കെ.പി യൂസഫ് എന്നിവർ ആദരാഞ്ജലിയർപ്പിച്ചു.