കാസർകോട്: അരുണാചൽ പ്രദേശിൽ കരസേനയുടെ അഡ്വാൻസ് ലൈറ്റ് രുദ്ര ഹെലികോപ്ടർ തകർന്നുവീണു വീരമൃത്യു വരിച്ച സി.എഫ്.എൻ ടെക് എ.വി.എൻ കെ.വി അശ്വിന്റെ (24) മൃതദേഹം ആയിരങ്ങളെ സാക്ഷിയാക്കി ചെറുവത്തൂർ കിഴക്കേമുറിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അസാമിൽ നിന്നും അകമ്പടിയായി എത്തിയ കമാൻഡർ ലോകേന്ദ്ര സിംഗിന്റെയും 122 ടി.എ ബറ്റാലിയൻ കമാൻഡർ ശൗര്യചക്ര പി.വി മനേഷിന്റെയും നേതൃത്വത്തിലുള്ള സൈന്യവും കാസർകോട് ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേന, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.ബാലകൃഷ്ണൻ നായർ എന്നിവരുടെ നേതൃത്വത്തിലുള്ള കേരള പൊലീസും ഗാർഡ് ഒഫ് ഓണർ നൽകി. അശ്വിന്റെ മൃതദേഹ പേടകത്തിൽ പുതപ്പിച്ചിരുന്ന ദേശീയ പതാകയും സൈനികമുദ്രയും യൂണിഫോമും മാതാപിതാക്കളായ കൗസല്യക്കും അശോകനും സൈന്യം കൈമാറി. അശ്വിന്റെ സഹോദരിമാരുടെ മക്കളാണ് ചിതയ്ക്ക് തീകൊളുത്തിയത്.
ചെറുവത്തൂർ ആശുപത്രിയിൽ നിന്നും നാട്ടുകാരും കണ്ണൂർ ഡി.എസ്.സി യിലെ സൈനികരും കരസേന എ. ഇ.എൻ കോർഗ്രൂപ്പിലെ സൈനികരും വിലാപയാത്രയാണ് മൃതദേഹം ജന്മനാടായ കിഴക്കേമുറിയിലേക്ക് കൊണ്ടുവന്നത്. തുടർന്ന് കിഴക്കേമുറി വിക്ടറി ക്ലബിന്റെയും പൊതുജന വായനശാലയുടെയും അങ്കണത്തിൽ പൊതുദർശനത്തിന് വച്ചു.
കേരള സർക്കാറിനു വേണ്ടി തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലും മുഖ്യമന്ത്രിക്കുവേണ്ടി ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദും പുഷ്പചക്രമർപ്പിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എ മാരായ എം.രാജഗോപാലൻ, ഇ.ചന്ദ്രശേഖരൻ, സി.എച്ച്.കുഞ്ഞമ്പു, ടി.ഐ.മധുസൂദനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണൻ, സംസ്ഥാന സ്‌പോർട്സ് കൗൺസിൽ മെമ്പർ ടി.വി.ബാലൻ എന്നിവരും അന്ത്യാഞ്ജലി അർപ്പിച്ചു.