desheeya-pathaka-
അശ്വിന്റെ മൃതദേഹ പേടകത്തിൽ പുതച്ചിരുന്ന ദേശീയ പതാകയും മുദ്ര‌യണിഞ്ഞ അശ്വിന്റെ യൂണിഫോമും സൈന്യം മാതാപിതാക്കളായ കൗസല്യക്കും അശോകനും കൈമാറുന്നു

കാസർകോട്: വീരമൃത്യു വരിച്ച ധീര സൈനികന് വിട നല്കാൻ ജന്മനാടായ കിഴക്കെമുറിയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളാണ്. ചെറുവത്തൂർ കിഴക്കേ മുറിയിലെ എം.കെ.അശോകന്റെയും കെ.വി.കൗസല്യയുടെയും ഇളയ മകൻ കെ.വി.അശ്വിന്റെ (24) ഭൗതിക ശരീരം അന്തിമോപചാരം അർപ്പിക്കാനെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി സഹോദരിമാരുടെ കുട്ടികൾ ചിതക്ക് തീകൊളുത്തി. സൈന്യവും പൊലീസും ഗാർഡ് ഓഫ് നൽകി ആചാരവെടി ഉതിർത്ത് പ്രിയ സൈനികന് വിട നൽകി. ചെറുവത്തൂർ ആശുപത്രിയിൽ നിന്നും രാവിലെ എട്ടരയ്ക്ക് വിലാപയാത്രയായി മൃതദേഹവും വഹിച്ചുള്ള ആംബുലൻസ് വിക്ടറി ക്ലബ്ബിന്റെയും പൊതുജന വായനശാലയുടെയും അങ്കണത്തിലേക്ക് എത്തുമ്പോൾ മണ്ണുവാരിയിട്ടാൽ ഉതിരാത്ത വിധമാണ് നാട്ടുകാർ കണ്ണീരുമായി കാത്തുനിന്നത്.

നാടിന്റെ പൊന്നോമന പുത്രനെ ഒരു നോക്കു കാണാനും യാത്രാമൊഴി ചൊല്ലാനും മൂന്നു ദിവസമായി ഗ്രാമം മുഴുവൻ ഉണ്ണാതെ ഉറങ്ങാതെ കാത്തുനിൽപ്പായിരുന്നു. കേരള സർക്കാറിനു വേണ്ടി മൃതദേഹത്തിൽ തുറമുഖ,പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പുഷ്പചക്രമർപ്പിച്ചു. മുഖ്യമന്ത്രിക്കുവേണ്ടി ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ആണ് പുഷ്പചക്രമർപ്പിച്ചത്. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായ എം.രാജഗോപാലൻ, ഇ.ചന്ദ്രശേഖരൻ, സി.എച്ച്.കുഞ്ഞമ്പു, ടി.ഐ.മധുസൂദനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ, സംസ്ഥാന സ്‌പോർട്സ് കൗൺസിൽ മെമ്പർ ടി.വി.ബാലൻ എന്നിവരും അന്ത്യാഞ്ജലി അർപ്പിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, മുൻ എം പിമാരായ പി.കരുണാകരൻ, പി കെ ശ്രീമതി, മുൻ എം.എൽ.എ മാരായ കെ.കുഞ്ഞിരാമൻ, കെ.പി.സതീഷ് ചന്ദ്രൻ, ടി.വി.രാജേഷ്, കെ.പി.കുഞ്ഞിക്കണ്ണൻ, സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ,സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി.ബാബു, ഗോവിന്ദൻ പള്ളിക്കാപ്പിൽ, എൻ.സി.പി ജില്ലാ പ്രസിഡന്റ് കരീം ചന്തേര, ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള, സംസ്ഥാന സ്‌പോർട്സ് കൗൺസിൽ മെമ്പർ ടി.വി ബാലൻ, വിനോദ് കുമാർ പള്ളയിൽ വീട്, ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന, ഡിവൈ.എസ്.പി പി.ബാലകൃഷ്ണൻ നായർ, ഇൻസ്‌പെക്ടർമാരായ പി.നാരായണൻ, കെ.പി.ഷൈൻ, തഹസിൽദാർ എൻ. മണിരാജ്, കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ, കെ എൽ14 സൈനിക കൂട്ടായ്മ, പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ സൈനിക കൂട്ടായ്മകൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, സൈനിക പൊലീസ് ഉദ്യോഗസ്ഥർ, യുവജന സന്നദ്ധ സംഘടനാ നേതാക്കൾ തുടങ്ങി ആയിര കണക്കിന് ആളുകൾ ധീര സൈനികന് അന്ത്യാഞ്ജലിയർപ്പിച്ചു. വീട്ടിലെത്തിച്ച മൃതദേഹത്തിൽ അശ്വിന്റെ അച്ഛൻ അശോകൻ, മാതാവ് കൗസല്യ സഹോദരിമാരായ അശ്വതി, അനശ്വര എന്നിവർ കണ്ണീർ പ്രണാമം അർപ്പിച്ചു. തുടർന്ന് സർവ്വകക്ഷി അനുശോചന യോഗവും ചേർന്നു. മരണപ്പെട്ട കെ.വി.അശ്വിനുൾപ്പെട്ട സൈന്യത്തിലെ എ.ഇ.എൻ കോർ ക്യാപ്ടൻ ആർ.യുവരാജിന്റെ നേതൃത്വത്തിൽ ആറ് സൈനികരും നാട്ടിൽ എത്തിച്ച മൃതദേഹത്തെ അനുഗമിച്ചിരുന്നു.