കിഴക്കേമുറി( കാസർകോട്): തലയിൽ വെടിയുണ്ടയുടെ ചീളുമായി സൈന്യത്തിൽ ഇപ്പോഴും സേവനം അനുഷ്ഠിക്കുന്ന, രാജ്യം ശൗര്യ ചക്ര ബഹുമതി നൽകി ആദരിച്ച കമാൻഡോ പി വി മനേഷും പ്രീയപ്പെട്ട അശ്വിന് പ്രണാമം അർപ്പിക്കാൻ കിഴക്കേമുറിയിലെ ഗ്രാമത്തിലെത്തി. കണ്ണൂർ 122 ടി എ ബറ്റാലിയനിൽ ജോലി ചെയ്യുന്ന കണ്ണൂർ അഴീക്കോട് സ്വദേശിയായ മനേഷ് തിങ്കളാഴ്ച അതിരാവിലെ അശ്വിന്റെ ഭൗതിക ശരീരം സൂക്ഷിച്ചിരുന്ന ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയിരുന്നു.
അവിടെ വച്ച് ധീരസൈനികൻ അശ്വിന് സല്യൂട്ട് നൽകി അന്തിമോപചാരം അർപ്പിച്ച ശേഷം മനേഷ് മൃതദേഹത്തെ അനുഗമിച്ചു കിഴക്കേമുറിയിലും എത്തി.നാട്ടിൽ പൊതുദർശനത്തിന് വച്ചപ്പോഴും ഇദ്ദേഹം സല്യൂട്ട് നൽകി അന്ത്യാഞ്ജലി അർപ്പിച്ചു.അവിടെ നിന്ന് വീട്ടിലേക്ക് എടുത്തപ്പോഴും കണ്ണൂർ ഡി എസ് സിയിൽ നിന്നെത്തിയ സൈനികർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി ഒപ്പമുണ്ടായി.അദ്ദേഹത്തിന്റെയും സാന്നിധ്യത്തിലാണ് സൈന്യം സൈനികന് ബഹുമതി അർപ്പിച്ചത്. പ്രണാമം അർപ്പിച്ച ശേഷവും സംസ്‌ക്കാര ചടങ്ങുകൾ പൂർത്തിയാകുന്നത് വരെയും അദ്ദേഹം അശ്വിന്റെ ഗ്രാമത്തിലുണ്ടായി. കുടുംബത്തെ ആശ്വസിപ്പിച്ചാണ് അദ്ദേഹം മടങ്ങിയത്.
2008 നവംബർ 26 ന് മുംബൈയിലെ താജ് ഹോട്ടലിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തെ സധൈര്യം നേരിട്ട കമാൻഡോ സംഘത്തിൽ അംഗമായിരുന്നു കണ്ണൂരിലെ പി വി മനേഷ്. തീവ്രവാദികളുടെ ആക്രമണത്തിൽ കൈക്കും കാലിനും തലക്കും പരിക്കേറ്റ ഇദ്ദേഹം വെല്ലുവിളികളെ അതിജീവിച്ചു ജീവിതത്തിലേക്ക് തിരിച്ചു വരികയായിരുന്നു. അക്രമികൾ ഉതിർത്ത വെടിയുണ്ടകളുടെ ചീളുകൾ ഇപ്പോഴും തലയിൽ കൊണ്ടുനടക്കുകയാണ് ഈ ധീരയോദ്ധാവ്.