നീലേശ്വരം: കൃഷിവകുപ്പിന്റെ അധീനതയിലുണ്ടായിരുന്ന പടന്നക്കാട്ടെ തീർത്ഥങ്കരകുളം കാർഷിക കോളേജ് ഏറ്റെടുത്തിട്ട് 28 വർഷമായെങ്കിലും ഇപ്പോഴും പഴയ നിലയിൽ തന്നെ തുടരുകയാണ്. 10 ഏക്കറോളം വിസ്തൃതിയുള്ള തീർത്ഥങ്കരകുളം 1994 ലാണ് കൃഷി വകുപ്പിൽ നിന്നും കാർഷിക കോളേജ് ഏറ്റെടുത്തത്.
2016ൽ നബാർഡിന്റെ സഹായത്തോടെ രണ്ടു കോടി രൂപ കുളം നവീകരണത്തിന് വകയിരുത്തിയിരുന്നുവെങ്കിലും തുടർ പ്രവർത്തനങ്ങളൊന്നും നടന്നില്ല. കൂടാതെ കാസർകോട് വികസന പാക്കേജിലും കുളം നവീകരണം ഉൾപ്പെടുത്തിയിരുന്നു. അതിനുള്ള ഡി.പി.ആർ സമർപ്പിച്ചിട്ട് വർഷങ്ങളായെങ്കിലും ഒന്നും നടന്നില്ല.
കടുത്ത വേനലിലും വറ്റാത്ത തീർത്ഥങ്കരകുളം നവീകരിച്ചാൽ സമീപ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ സാധിക്കും. ഇപ്പോൾ തന്നെ തൈക്കടപ്പുറം, അഴിത്തല, പുറത്തേകൈ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. കൂടാതെ ടൂറിസം മേഖലയ്ക്കും ഏറെ സാദ്ധ്യതയുള്ളതാണ് തീർത്ഥങ്കരക്കുളം.
കാർഷിക കോളേജ് പൂർവ്വ വിദ്യാർത്ഥിയായ പി.ബി. നൂഹ് ഇപ്പോൾ ടൂറിസം ഡയരക്ടറായി പ്രവർത്തിക്കുന്ന സമയത്ത് തീർത്ഥങ്കര കുളത്തിന് പ്രത്യേക പരിഗണന ലഭിക്കുമെന്ന വിശ്വാസത്തിലാണ് കാർഷിക കോളേജ് അധികൃതരും നാട്ടുകാരും.