photo-
കണ്ണൂർ സർവ്വകലാശാല വി.സിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ മാർച്ചിൽ വനിതാ പൊലീസ് ഇല്ലാത്തതിനാൽ വീട്ടമ്മയുടെ സഹായത്തോടെ പൊലീസ് വനിതാ പ്രവർത്തകരെ അറസ്​റ്റ് ചെയ്യുന്നു

കണ്ണൂർ :സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫസർ ഗോപിനാഥ് രവീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് വി.സിയുടെ കണ്ണൂരിലെ വസതിയിലേക്ക് കെ.എസ്.യു ജില്ലാ കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മാർച്ചിൽ സംഘർഷം.കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസിന്റെ നേതൃത്വത്തിൽ പ്രകടനമായെത്തിയ കെ.എസ്.യു പ്രവർത്തകരെ ടൗൺ ഇൻസ്‌പെക്ടർ ബിനു മോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു. എന്നാൽ പൊലീസ് വലയം ഭേദിച്ച് പ്രവർത്തകർ വി.സി യുടെ വസതിയിലേക്ക് നീങ്ങിയത് സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.

വനിതാ പൊലീസില്ല, വനിതാപ്രവർത്തകരെ അറസ്റ്റുചെയ്തത് വീട്ടമ്മ

മാർച്ചിൽ പങ്കെടുത്ത വനിതാ പ്രവർത്തകരെ അറസ്​റ്റ് ചെയ്യാൻ വനിതാ പൊലീസ് ഇല്ലാത്തതിനാൽ തൊട്ടടുത്തുണ്ടായിരുന്ന ഒരു വീട്ടമ്മയുടെ സഹായം തേടിയാണ് പൊലീസ് അറസ്​റ്റ് ചെയ്തത്.പുരുഷന്മാരെ കസ്റ്റഡിയിലെടുത്തതിന് ശേഷം ബാക്കിയുള്ള രണ്ട് വനിതാ പ്രവർത്തകരെയാണ് വീട്ടമ്മയുടെ സഹായത്തോടെ അറസ്റ്ര് ചെയ്തത്.ഗേ​റ്റ് മറികടന്ന് അകത്ത് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു മാറ്റുകയായിരുന്നു. ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്, ഭാരവാഹികളായ ഫർഹാൻ മുണ്ടേരി, അൻസിൽ വാഴപ്പള്ളിൽ,ഉജ്ജ്വൽ പവിത്രൻ എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടന്നത്.

ഇതിനിടെ മാർച്ചിനിടെ വനിതാപൊലീസിനെ സജ്ജമാക്കാത്തത് വൻസുരക്ഷാവീഴ്ചയുണ്ടായതായും റിപ്പോർട്ടുണ്ട്. കെ. എസ്. യു പ്രവർത്തകർ വി.സിയുടെ പയ്യാമ്പലത്തെ വീട്ടിലേക്ക് മാർച്ച് നടത്തുന്നതിനെ കുറിച്ചു അറിയില്ലായിരുന്നുവെന്നാണ് ടൗൺ പൊലീസ് നൽകിയ വിശദീകരണം. ഈക്കാര്യം രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടു ചെയ്തിട്ടില്ല.ഇതിനിടെ വഴിയാത്രക്കാരിയെ ആൾമാറാട്ടം നടത്തി പൊലീസാക്കിയെന്നാരോപിച്ച് കെ. എസ്.യു കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്.