
കണ്ണൂർ: യു.ജി.സി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി നിയമനം ലഭിച്ച വൈസ് ചാൻസിലർമാർ രാജിവെയ്ക്കണമെന്ന ഗവർണറുടെ നടപടി സ്വാഗതാർഹമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.പി കെ.സുധാകരൻ.വി.സി നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞു.വ്യവസ്ഥകൾ ലംഘിച്ച് വി.സിമാർക്ക് നിയമനം നൽകിയതിൽ ഗവർണർക്കും പങ്കുണ്ട്.കണ്ണൂർ,കാലടി സർവകലാശാലകളിലെ വി.സി നിയമനം തെറ്റാണെന്ന് അറിഞ്ഞിട്ടും ഗവർണർ സർക്കാരിന് വഴങ്ങി.സ്വന്തം ജില്ലയിലെ വി.സി നിയമനത്തിൽ മുഖ്യമന്ത്റിയുടെ ശുപാർശ അംഗീകരിച്ച ഗവർണറുടെ നടപടി അനുചിതം തന്നെയാണ്.
സാങ്കേതിക സർവകലാശാല വി.സിയുടെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി എൽ.ഡി.എഫ് സർക്കാരിനും ഗവർണർക്കുമുള്ള തിരിച്ചടിയാണ്.ഗവർണർ തെറ്റുതിരുത്തി പൊതുസമൂഹത്തോട് മാപ്പ് പറയുന്നതോടൊപ്പം ഇടതു സർക്കാരിനെയും മുഖ്യമന്ത്റിയേയും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും പിന്തിരിപ്പിക്കാനും തയ്യാറാകണമെന്നും സുധാകരൻ പറഞ്ഞു.