കാസർകോട്: ലഹരിക്കെതിരെ നിയമം മാത്രം പോര ബോധവത്കരണവും വേണമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ്സ്, പൊതു വിദ്യാഭ്യാസ വകുപ്പ് , കേരള എക്സൈസ് വകുപ്പ് എന്നിവർ ചേർന്നുനടത്തുന്ന ലഹരി വിമുക്ത നവകേരള സൈക്കിൾ റാലി കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്നിനെ പൊലീസും എക്‌സൈസും ചേർന്നുമാത്രം നേരിടട്ടെ എന്നല്ല സർക്കാർ തീരുമാനം. അങ്ങനെ മാത്രം നേരിടാവുന്ന ഒന്നല്ല ഇത്. ജനങ്ങളെ ആകെ അണിനിരത്തിക്കൊണ്ടുള്ള ചെറുത്തുനിൽപ്പ് മയക്കുമരുന്നിനെതിരെ വരണം. ജനങ്ങളെ മുഴുവൻ ഇതിനെതിരായി ജാഗ്രതയുള്ളവരാക്കി മാറ്റണം. ഇങ്ങനെ ദ്വിമുഖമായ യുദ്ധതന്ത്രമാണ് മയക്കുമരുന്നിനെതിരെ കേരളം ഉയർത്തിക്കൊണ്ടുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒന്നിൽ കൂടുതൽ ലഹരികേസുകളിൽ ഉൾപ്പെട്ട 2309 പേരുടെ പട്ടിക എക്‌സൈസ് വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇവരെ മുൻകരുതൽ കസ്റ്റഡിയിലെടുക്കും. ഒരു മാസം കൊണ്ട് അവസാനിക്കുന്നതല്ല കേരളത്തിന്റെ ലഹരിക്കെതിരായ പോരാട്ടം. കേരളത്തിന്റെ ഭാവി ചാമ്പലാവാതിരിക്കാൻ നീണ്ടുനിൽക്കുന്ന പോരാട്ടമാണിതെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ലഹരിക്കെതിരെ സ്‌കൗട്ട് ആൻഡ് ഗൈഡ്സിന്റെ ഗൃഹസന്ദർശന ബോധവത്കരണം സി.എച്ച് കുഞ്ഞമ്പു എം.എൽഎ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കേരള സ്‌കൗട്ട് ആൻഡ് ഗൈഡ്സ് സംസ്ഥാന സെക്രട്ടറി എൻ.കെ പ്രഭാകരൻ, എക്‌സൈസ് വകുപ്പ് ഡെപ്യൂട്ടി കമ്മിഷണർ ഡി. ബാലചന്ദ്രൻ, വിദ്യാഭ്യാസ ഉപഡയറക്ടർ കെ.വി പുഷ്പ, കാസർകോട് ഡി.ഇ.ഒ എൻ നന്ദികേശൻ, കാസർകോട് എ.ഇ.ഒ അഗസ്റ്റിൻ ബർണാഡ്, കുമ്പള എ.ഇ.ഒ യതീഷ്‌കുമാർ റൈ, മഞ്ചേശ്വരം എ.ഇ.ഒ വി. ദിനേശ, കേരള സ്‌കൗട്ട് ആൻഡ് ഗൈഡ്സ് സ്റ്റേറ്റ് കമ്മിഷണർമാരായ സി. അജിത്ത്, കെ. ആശാലത എന്നിവർ സംസാരിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എൻ.ജി. രഘുനാഥ് ലഹരിക്കെതിരായ ബോധവൽക്കരണ ക്ലാസ് നയിച്ചു. എ.ആർ സ്‌കൗട്ട് സംസ്ഥാന കമ്മിഷണർ ബാലചന്ദ്രൻ പാറച്ചോട്ടിൽ സ്വാഗതവും കാസർകോട് സെക്രട്ടറി കെ. ഭാർഗവി കുട്ടി നന്ദിയും പറഞ്ഞു.