തളിപ്പറമ്പ്: കൊവിഡ് ആധുനിക അടിമത്തം സൃഷ്ടിച്ചുവെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖി ലേന്ത്യാ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെ പറഞ്ഞു. ഏഴാംമൈൽ ഹജ് മൂസ് ഓഡിറ്റോറിയത്തിലെ കെ.എൻ. ശാരദാമ്മ നഗറിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. വായ്പയെന്ന കാണാചരടിലൂടെയും നിയന്ത്രണങ്ങളിലൂടെയും മനുഷ്യരെ അടിമകളാക്കി മാറ്റാൻ പല ഭരണ കൂടങ്ങൾക്കും സാധിച്ചുവെന്ന് അവർ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ.പി.വി. പ്രീത അദ്ധ്യക്ഷയായി. ജില്ലാ സെക്രട്ടറി പി.കെ. ശ്യാമള പ്രവർത്തന റിപ്പോർട്ടും, സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത സംഘടനാ റിപ്പോർട്ടും പി.പി. ദിവ്യ രക്ത സാക്ഷി പ്രമേയവും ദീപ പ്രസാദ് അനശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ കെ. സന്തോഷ് സ്വാഗതം പറഞ്ഞു. പി.കെ. ശ്രീമതി, കെ.കെ. ശൈലജ, എൻ. സുകന്യ സംബന്ധിച്ചു. കെ.പി.വി. പ്രീത, ഓമന മുരളീധരൻ, പി.പി. അനിഷ എന്നിവർ അടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. ഇന്ന് വൈകീട്ട് കാക്കാത്തോട് ബസ് സ്റ്റാൻഡിൽ നടക്കുന്ന പൊതുസമ്മേളനത്തോടെ സമ്മേളനം സമാപിക്കും.