gopinadh

കണ്ണൂർ :സർവ്വകലാശാല വകുപ്പുകളും കോളേജുകളും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാകുകയാണെന്നും സംയുക്ത ഗവേഷണ സംരംഭങ്ങൾ ശാസ്ത്ര വിഷയങ്ങളിൽ ആരംഭിക്കണമെന്നും കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.അടിസ്ഥാന ശാസ്ത്ര ഗവേഷണങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും ഗവേഷണ ധനസഹായത്തിന് അടിയന്തര പ്രയോഗത്തിന്റെ മുൻഗണനയ്ക്കല്ല ഊന്നൽ നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്രസസ്യ ശാസ്ത്ര കോൺഫറൻസ് കണ്ണൂർ സർവകലാശാലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ സ്‌കീം വഴി വിദേശ സർവ്വകലാശാലയിലെ പ്രശസ്തരായ ശാസ്ത്രജ്ഞർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അമേരിക്കയിലെ മെസ്സേച്ചുസെറ്റിസ് സർവ്വകലാശാലയിലെ പ്രൊഫസർ ഓം പ്രകാശ് ദാങ്കർ മുഖ്യ പ്രഭാഷണം നടത്തി. അമേരിക്കയിലെ ലിൻകൺ യൂണിവേഴ്‌സിറ്റിയിലെ ഡോ.ബാബു വള്ളിയോടൻ, പൂർഡേ യൂണിവേഴ്‌സിറ്റിയിലെ ഡോ. സുജിത് പുതിയവീട്ടിൽ, കാലിക്കറ്റ് സർവ്വകലാശാലയിലെ മുൻ ബയോടെക്‌നോളജി വിഭാഗം മേധാവി ഡോ. മനീഷ് കുമാർ എന്നിവർ രണ്ടു ദിവസങ്ങളിലായി മുഖ്യ പ്രബന്ധങ്ങൾ അവതരിപ്പിക്കും. കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പർ ഡോ.ടി.പി.അഷ്‌റഫ്, വിദ്യാർത്ഥി വിഭാഗം ഡീൻ ഡോ.നഫീസ ബേബി,​ ടി.പി.സർ സയ്യിദ് കോളേജ് പ്രിൻസിപ്പാൾ ഡോ.ഇസ്മായിൽ ഓലയിക്കര, ഡോ.കെ.എൻ.അജോയ് കുമാർ, ഡോ.താജോ എബ്രഹാം എന്നിവർ സംസാരിച്ചു. കേരളത്തിലെ വിവിധ സർവകലാശാലകളിൽ നിന്നും കോളേജുകളിൽ നിന്നുമായി 200 ലധികം ഗവേഷകരും, വിദ്യാർത്ഥികളും പങ്കെടുക്കുന്ന കോൺഫറൻസ് ഇന്ന് സമാപിക്കും.