
പെരിയ: പെരിയ ഗോകുലം ഗോശാലയെ ടൂറിസം സ്‌പോട്ടാക്കി മാറ്റുമെന്നും ഇതിനായി കേന്ദ്ര സർക്കാരുമായും കേരള സർക്കാരുമായും ബന്ധപ്പെട്ട് ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും കേന്ദ്രമന്ത്രി ശ്രീപദ് നായക് അറിയിച്ചു.ആലക്കോട് ഗോകുലം ഗോശാലയിൽ പരമ്പര വിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തിലുള്ള ദീപാവലി സംഗീതോത്സവം ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
എടനീർ മഠാധിപതി സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്തു. ഗോപരിപാലനവും സംഗീതോത്സവങ്ങളും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അതു സംരക്ഷിക്കപ്പെടേണ്ടത് നമ്മുടെ കർത്തവ്യമാണെന്നും മഠാധിപതി പറഞ്ഞു
കൊല്ലൂർ മൂകാംബിക ക്ഷേത്രം പ്രധാന മേൽശാന്തി നരസിംഹ അഡിഗ, അരവത്ത് കെ.യു. പദ്മനാഭ തന്ത്രി എന്നിവർ അനുഗ്രഹഭാഷണം നടത്തി. പരമ്പര വിദ്യാപീഠം അഡ്മിനിസ്‌ട്രേറ്റർ ഡോ. യു. രാഘവേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കെ. കുഞ്ഞിരാമൻ, അഡ്വ. കെ. ശ്രീകാന്ത്, കെ. മണികണ്ഠൻ, ബാലകൃഷ്ണൻ പെരിയ എന്നിവർ സംസാരിച്ചു. പരമ്പര വിദ്യാപീഠം മാനേജിംഗ് ട്രസ്റ്റി വിഷ്ണുപ്രസാദ് ഹെബ്ബാർ സ്വാഗതവും വിനോദ് കൃഷ്ണൻ നന്ദിയും പറഞ്ഞു. ഗോശാലയ്ക്കു സമീപമാണ് സംഗീതോത്സവവേദി. 30 ന് സമാപിക്കും.