തലശ്ശേരി: കൊടുവള്ളി റെയിൽവേ ഗേറ്റിന് സമീപം ഇല്ലിക്കുന്ന് ഇറക്കത്തിലുള്ള വളവിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ 51 പേർക്ക് പരിക്കേറ്റു. ഇതിൽ ക്ലീനറടക്കം മൂന്ന് പേർക്ക് ഗുരുതരമായ പരിക്കുണ്ട്. ഇവർ ഉൾപ്പെടെ 45 പേർ തൊട്ടടുത്ത സഹകരണ ആശുപത്രിയിലും ഡ്രൈവർ ഉൾപ്പെടെ 6 പേർ തലശ്ശേരി ജനറൽ ആശുപത്രിയിലും ചികിത്സ തേടി. അഞ്ചരക്കണ്ടിയിൽ നിന്നും തലശ്ശേരിയിലേക്ക് വരികയായിരുന്ന അർജുൻ ബസാണ് ഇന്നലെ രാവിലെ ഒൻപതേ കാലോടെ അപകടത്തിൽ പെട്ടത്.
ഇല്ലിക്കുന്ന് കയറ്റം കയറി കൊടുവള്ളിയിലേക്ക് വരുമ്പോൾ എൻ.ടി.ടി.എഫ്. അനക്സി നടുത്തുള്ള വളവിൽ എത്തിയപ്പോഴാണ് നിയന്ത്രണം വിട്ട് ചെരിഞ്ഞ് ഇടത് ഭാഗത്തെ മതിലിനോട് ഇടിച്ചത്.
ബസിൽ നിന്ന് യാത്രക്കാരുടെ കൂട്ട നിലവിളി കേട്ട് പരിസരത്തുള്ള വീടുകളിൽ നിന്നും ,ഇതു വഴി വന്ന മറ്റ് വാഹനങ്ങളിലെ , ഡ്രൈവർമാരും യാത്രക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ബസ്സിൽ നിന്നും യാത്രക്കാരെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബസിന്റെ വാതിൽ ഭാഗം മതിലിനോട് ചേർന്ന് അമർന്നതിനാൽ യാത്രക്കാർക്ക് പുറത്ത് ഇറങ്ങാൻ കഴിയാത്തതിനാൽ എതിർവശം വെട്ടി പൊളിച്ചാണ് പുറത്തേക്ക് എത്തിച്ചത്.
ഫയർഫോഴ്സും, എ.സി.പി. നിധിൻ രാജിന്റെ നേതൃത്വത്തിലെത്തിയ പൊലീസും ക്രെയിൻ ഉപയോഗിച്ച് ബസ് മാറ്റിയ ശേഷമാണ് പത്തര മണിയോടെ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്. അതുവരെ ഇതുവഴി പോവുന്ന ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ മറ്റ് വഴികളിലൂടെ തിരിച്ച് വിടുകയാണുണ്ടായത്. ഗുരുതര പരിക്കേറ്റ നൗഷാദ്, സുജാത, ശ്രീജിത്ത് എന്നിവരാണ് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ടി.പി. മുഹമ്മദ് (15) കൊടുവള്ളി, യു.കെ. ശ്രീഗിത് (15) പിണറായി, മുഹമ്മദ് സെയിൻ (15) ഇല്ലിക്കുന്നു, എ.കെ. മുഹമ്മദ് (12) വടക്കുമ്പാട്, ഡ്രൈവർ അഭിനന്ദ്.കെ.കെ.(22), ബംഗാൾ സ്വദേശി സലിം (27) എന്നിവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
നഗരസഭ ചെയർപേഴ്സൺ ജമുനാ റാണി, വൈസ് ചെയർമാൻ വാഴയിൽ ശശി, സി.കെ രമേശൻ തുടങ്ങിയ നേതാക്കൾ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.