
ഇരിട്ടി: കീഴൂർ മഹാദേവ ക്ഷേത്രത്തിൽ ക്ഷേത്ര സമിതിയുടെയും ഭക്തജനങ്ങളുടെയും നേതൃത്വത്തിൽ നിയുക്ത ശബരിമല മേൽശാന്തി കൊട്ടാരം ജയരാമൻ നമ്പൂതിരിക്ക് സ്വീകരണം നൽകി. ക്ഷേത്ര നടക്കു സമീപം പൂർണ്ണകുംഭം നൽകി ക്ഷേത്രം മേൽശാന്തി സുബ്രഹ്മണ്യൻ നമ്പൂതിരി അദ്ദേഹത്തെ സ്വീകരിച്ചു. മഹാദേവക്ഷേത്രം പ്രസിഡന്റ് ഭുവനദാസൻ വാഴുന്നവർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.പ്രതാപൻ പൊന്നാട അണിയിച്ചു. ക്ഷേത്ര സമിതിയുടെ ഉപഹാരമായ സ്വർണ്ണപ്പതക്കം ഭുവനദാസൻ വാഴുന്നവർ നിയുക്ത മേൽശാന്തിയുടെ കഴുത്തിൽ അണിയിച്ചു. സമീപ ക്ഷേത്രങ്ങളിലെ ഭാരവാഹികളായ കെ. ഹരീന്ദ്രനാഥ് ( കണ്ണ്യത്ത് മടപ്പുര), എം. ഹരീന്ദ്രനാഥ് ( കീഴൂർ മഹാവിഷ്ണു ക്ഷേത്രം), കെ. രാജേന്ദ്രൻ ( വൈരീഘാതകൻ ഭഗവതി ക്ഷേത്രം), കെ. ദിവാകരൻ (കൈരാതി കിരാത ക്ഷേത്രം) സംസാരിച്ചു.