theyyam
തെയ്യക്കാവുകൾ

കണ്ണൂർ: രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ഉത്തരമലബാറിലെ തെയ്യക്കാവുകൾ വീണ്ടും ഉണരുന്നു. തുലാം പത്തിന് മുത്തപ്പൻ മടപ്പുരകളിലും തെയ്യാട്ട കാവുകളിലും നടക്കുന്ന പുത്തരി അടിയന്തരത്തോടെയാണ് വടക്കേ മലബാറിലെ കളിയാട്ടക്കാലത്തിന് തുടക്കമാവുന്നത്. വടക്കെ മലബാറിലെ പള്ളിയറകളും കാവുകളും കഴകങ്ങളും ദേവസ്ഥാനങ്ങളുമൊക്കെ ഇനി ആസുരതാളങ്ങൾ കൊണ്ട് മുഖരിതമാകും. പട്ടുചുറ്റി തിരുവായുധങ്ങളുമായി വിവിധ തെയ്യങ്ങളുടെ പ്രതി പുരുഷന്മാർ ക്ഷേത്ര തിരുസന്നിധിയിൽ ഉറഞ്ഞുതുള്ളും.

കൊളച്ചേരി ശ്രീ ചാത്തമ്പള്ളി ക്ഷേത്രത്തിലാണ് ആദ്യകളിയാട്ടം. ക്ഷേത്രത്തിലെ ഈ വർഷത്തെ പുത്തരി അടിയന്തിരത്തിന് ഇന്നലെ തുടക്കമായി. തുലാം പത്തായ ഇന്നു പുലർച്ചെ 4 മണിക്ക് ഗുളികൻ തിറയും 5 മണിക്ക് വിഷകണ്ഠൻ ദൈവം പുറപ്പെടലും ഉണ്ടാകും.

വിഷഹാരിയായ ചാത്തമ്പള്ളികണ്ഠനെ വിഷകണ്ഠനായി കരുമാരത്തില്ലത്ത് തന്ത്രികൾ പ്രതിഷ്ഠിച്ച് ആരാധിച്ചതാണെന്നാണ് വിശ്വാസം. വിഷ രോഗങ്ങൾ മാറാനും സർപ്പഭയം അകലാനും ക്ഷേത്രത്തിൽ നടത്തുന്ന മുട്ടഒപ്പിക്കൽ വഴിപാട് പ്രസിദ്ധമാണ്. തുലാം പത്തിന് രാവിലെ അഞ്ചു മണിയോടെ ഇറങ്ങുന്ന വിഷകണ്ഠൻ തെയ്യം വൈകുന്നേരം വരെ ഭക്തരുടെ സങ്കട നിവൃത്തി വരുത്തി അനുഗ്രഹം നൽകി ക്ഷേത്രത്തിൽ ഉണ്ടാവും. രാവിലെ പത്തിന് കരുമാരത്തില്ലത്തേക്ക് യാത്ര പോകുന്ന വിഷകണ്ഠൻ ദൈവത്തിനെ അനുഗമിച്ച് ഭക്തരും പ്രദേശവാസികളും ചേരും.

കാസർകോട് ജില്ലയിലെ തടിയൻ കൊവ്വൽ കാലിച്ചാൻ ദേവസ്ഥാനത്ത് ഇന്ന് പത്താമുദയത്തിന്റെ ഭാഗമായി കാലിച്ചാൻ ദൈവം കെട്ടിയാടും.

ഇടവപ്പാതിയിൽ വളപട്ടണം കളരിവാതുക്കൽ ക്ഷേത്രത്തിൽ നടക്കുന്ന കളിയാട്ടത്തോടെ വടക്കേ മലബാറിലെ തെയ്യക്കാലം അവസാനിക്കും.