കാസർകോട്: സ്ഥലത്തിന്റെ രേഖകൾ ഡിജിറ്റലൈസ് ചെയ്തു നികുതി അടക്കുന്നതിന് 2500 രൂപ കൈക്കൂലി വാങ്ങിയ മുള്ളേരിയ വില്ലേജ് അസിസ്റ്റന്റ് ചട്ടഞ്ചാൽ തെക്കിൽ 'ദേവരാഗ"ത്തിൽ രാഘവൻ വിജിലൻസ് പിടിയിലായി. കാസർകോട് വിജിലൻസ് ഡിവൈ.എസ്.പി കെ.വി വേണുഗോപാലും സംഘവുമാണ് ഉദ്യോഗസ്ഥനെ പിടികൂടിയത്. മുളിയാർ ബോവിക്കാനം ബാലനടുക്കത്തെ അബ്ദുൽ ഖാദറിന്റെ മകൻ ബി. അഷറഫ് നൽകിയ പരാതിയിലാണ് വിജിലൻസ് ഇന്നലെ ഉച്ചക്ക് വില്ലേജ് ഓഫീസിൽ മിന്നൽ പരിശോധന നടത്തിയത്.

അബ്ദുൾ ഖാദറിന്റെ പേരിൽ ബാലനടുക്കത്തുള്ള 5.5 സെന്റ് സ്ഥലത്തിന് 2018 ന് ശേഷമുള്ള നികുതി അടക്കാനും കമ്പ്യൂട്ടറിൽ കയറ്റുന്നതിനും അപേക്ഷ നൽകിയിരുന്നു. എട്ട് മാസം മുമ്പ് നൽകിയ അപേക്ഷ നിരവധി തവണ ബന്ധപ്പെട്ടിട്ടും പരിഗണിച്ചില്ല. രണ്ട് ദിവസം മുമ്പ് അന്വേഷിച്ചപ്പോൾ വീണ്ടും അപേക്ഷയും 5000 രൂപയും നൽകിയാൽ റെഡിയാക്കാമെന്നും അറിയിച്ചു. ഇതേ തുടർന്ന് അപേക്ഷകൻ കാസർകോട് വിജിലൻസ് ഡിവൈ.എസ്.പിക്ക് പരാതി നൽകി. വിജിലൻസ് നൽകിയ പണം വില്ലേജ് ഓഫീസിൽ എത്തി അസിസ്റ്റന്റ് രാഘവന് നൽകുമ്പോൾ കാത്തിരുന്ന വിജിലൻസ് സംഘം ഓഫീസിൽ കയറി പിടികൂടിയായിരുന്നു.

ഇൻസ്പെക്ടർ സിബി തോമസ്, എംപ്ലോയ്മെന്റ് ഓഫീസർ പി. പവിത്രൻ, ക്ഷീരവികസന വകുപ്പ് സീനിയർ സൂപ്രണ്ട് ബി. സുരേഷ് കുമാർ, എസ്.ഐ ഈശ്വരൻ നമ്പൂതിരി, എ.എസ്.ഐമാരായ രാധാകൃഷ്ണൻ, പി.പി. സതീശൻ, വി.എം. മധുസൂദനൻ, വി.ടി. സുഭാഷ് ചന്ദ്രൻ, പ്രിയ കെ.നായർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.