
കണ്ണൂർ: ഭാഗം വച്ചുകിട്ടിയ പാച്ചേനിയിലെ തറവാടുവീട് വീറ്റ് കിട്ടിയ പണംകൂടി ചേർത്താണ് ഡി.സി.സി പ്രസിഡന്റായിരിക്കെ സതീശൻ പാച്ചേനി കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിക്കായി തലയെടുപ്പുള്ള ആസ്ഥാന മന്ദിരം 'കോൺഗ്രസ് ഭവൻ' പണിതത്. സി.പി.എമ്മിന്റെ ശക്തിദുർഗമായ കണ്ണൂരിൽ ഇന്ത്യയിലെ തന്നെ ഏറ്റവും വിസ്തൃതിയുള്ള കോൺഗ്രസ് ഓഫിസുകളിലൊന്നാണിത്. ഇക്കാര്യത്തിൽ എ.ഐ.സി.സിയും അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു.
സ്വന്തം വീടെന്നത് സ്വപ്നമായി അവശേഷിച്ചപ്പോഴും വാടകവീട്ടിൽ താമസിച്ച് പാർട്ടിക്കുവേണ്ടി തന്റെ ജീവിതംമുഴുവൻ ഉഴിഞ്ഞുവച്ച നേതാവിന്റെ പെട്ടെന്നുള്ള വിയോഗം പ്രവർത്തകർക്ക് ആഘാതമായി.
മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനായി എന്നും ശക്തമായി നിലകൊണ്ട നേതാവായിരുന്നു. പാർലമെന്ററി രംഗത്തേക്ക് എത്താനായില്ലെങ്കിലും പരാതികളില്ലാതെ പാർട്ടിയിൽ ശക്തമായും സജീവമായും എപ്പോഴുമുണ്ടായിരുന്നു. ജനകീയ വിഷയങ്ങളിലും പാർട്ടി പ്രവർത്തനങ്ങൾക്കുമായി നിരവധി തവണ ജില്ലയിലും പുറത്തും പദയാത്രകൾ നടത്തിയതിലൂടെയും ശ്രദ്ധേയനായി. സ്ഥാനമുള്ളപ്പോഴും ഇല്ലാത്തപ്പോഴും താഴെക്കിടയിലുള്ള പ്രവർത്തകരുടെ ശബ്ദമായി മാറാനുള്ള കഴിവാണ് പാച്ചേനിയെ വേറിട്ട നേതാവാക്കിയത്.
സി.പി.എം കോട്ടകളിൽ വമ്പൻ എതിരാളികൾക്കെതിരെ മത്സരിച്ചായിരുന്നു തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾ. ഇപ്പോഴത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ 1996ൽ തളിപ്പറമ്പ് മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്കായിരുന്നു ആദ്യമത്സരം. ഇരിങ്ങൽ സ്‌കൂളിൽ സ്വന്തം അദ്ധ്യാപകനായിരുന്ന എം.വി.ഗോവിന്ദനെതിരായ മത്സരം ഗുരുവിനെതിരെ ശിഷ്യന്റെ പോരാട്ടമെന്ന നിലയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
2001ലും 2006ലും മലമ്പുഴയിൽ വി.എസ്. അച്യുതാനന്ദനെതിരെ മത്സരിച്ചും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. 2009ൽ പാലക്കാട് ലോക്‌സഭാ മണ്ഡലത്തിൽ നിന്നും മത്സരിച്ചിരുന്നു. 2016ലും, 2021ലും നിയമസഭയിലേക്ക് കണ്ണൂർ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് എസിലെ കടന്നപ്പള്ളി രാമചന്ദ്രനോടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ ജനനം
തളിപ്പറമ്പിനടുത്തുള്ള പാച്ചേനിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനും കർഷക തൊഴിലാളിയുമായ പാലക്കീൽ ദാമോദരന്റേയും മാനിച്ചേരി നാരായണിയുടെയും മൂത്ത മകനായി 1968 ജനുവരി അഞ്ചിനാണ് മാനിച്ചേരി സതീശൻ എന്ന സതീശൻ പാച്ചേനിയുടെ ജനനം. പിതാവ് കമ്മ്യൂണിസ്റ്റുകാരനായിരുന്നെങ്കിലും കോൺഗ്രസ് രാഷ്ട്രീയത്തിലേക്കാണ് പാച്ചേനി ചുവടുവച്ചത്. കെ.എസ്.യുവിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശം. 1979ൽ പരിയാരം ഗവ. ഹൈസ്‌കൂളിൽ കെ.എസ്.യു യൂണിറ്റ് രൂപീകരിച്ച് അതിന്റെ പ്രസിഡന്റായി. 1999ൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റായി. കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനവും കണ്ണൂർ ഡി.സി.സി പ്രസിഡന്റ് സ്ഥാനവും അദ്ദേഹത്തെ തേടിയെത്തി.