കാസർകോട്: കാസർകോട് ആർ.ടി.ഒ ദീർഘനാളായി അവധിയിൽ, ആവശ്യത്തിന് എം.വി.ഐമാരുമില്ല. അതുകൊണ്ടുതന്നെ കാസർകോട് മോട്ടോർ വാഹന വകുപ്പ് ഓഫീസിന്റെ പ്രവർത്തനം താളംതെറ്റി. ആർ.ടി.ഒ ഒരു മാസത്തോളമായി അവധിയിലാണെന്നാണ് പറയുന്നത്. എന്നാൽ ഇദ്ദേഹം രണ്ടുമാസത്തെ അവധിയിൽ പോയതാണെന്ന സംസാരവുമുണ്ട്. മൂന്ന് എം.വി.ഐമാർ ഉണ്ടായിരുന്നതിൽ ഒരാൾ മാത്രമാണ് നിലവിലുള്ളത്. ഒരു എം.വി.ഐ സ്ഥലം മാറിപോവുകയും മറ്റെയാളെ ചെക്ക് പോസ്റ്റിലേക്ക് അയക്കുകയും ചെയ്തു.
പാലക്കാട് നിന്ന് വരേണ്ടുന്ന എം.വി.ഐ അവിടെ ആളില്ലാത്തതിനാൽ വന്നതുമില്ല. ഇത് കാരണം ഡ്രൈവിംഗ് ടെസ്റ്റ് അടക്കമുള്ള നടപടികൾ മന്ദഗതിയിലാണ്. ഓഫീസ് കാര്യങ്ങൾ നിർവഹിക്കാൻ ഒരാളും ഡ്രൈവിംഗ് ടെസ്റ്റിന് ഒരാളും വാഹന പരിശോധനകൾക്ക് ഒരാളും എന്ന നിലയിലാണ് കാസർകോട്ട് മൂന്ന് പേരുണ്ടായിരുന്നത്. കാഞ്ഞങ്ങാട് രണ്ടു പേരുണ്ട്. കാസർകോട് നിലവിലുള്ള എം.വി.ഐക്ക് മുഴുവൻ ജോലികളും ചെയ്യാൻ പറ്റാത്ത അവസ്ഥയും.
ആവശ്യത്തിന് എം.വി.ഐമാരെ നിയമിച്ച് ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം. രണ്ടാഴ്ച മുമ്പ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു കാസർകോട്ട് എത്തിയപ്പോൾ ഈ വിഷയം ബന്ധപ്പെട്ട സംഘടനകൾ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ തുടർ നടപടികളൊന്നും ഇതുവരെയും ഉണ്ടായിട്ടില്ലെന്നാണ് പരാതി. അതേസമയം കാസർകോട് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ യുടെ കീഴിലുള്ള വിംഗിൽ നാല് എം.വി.ഐമാരും ഒമ്പത് എ.എം.വി.ഐ മാരുമുണ്ട്.
ടെസ്റ്റിനെത്തുന്നു
ദിനം 120 പേർ
കാസർകോട്ട് ദിവസവും 120 ഓളം പേരെങ്കിലും ഡ്രൈവിംഗ് ടെസ്റ്റിന് എത്തുന്നുണ്ട്. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ട ദുരവസ്ഥയാണ് ഇവർക്കുള്ളത്. വാഹനങ്ങളുടെ പെരുപ്പവും ഡ്രൈവിംഗ് പഠിക്കാൻ താൽപര്യപ്പെടുന്നവരുടെ എണ്ണവും പെരുകിയിട്ടും കാസർകോട്ട് ആവശ്യത്തിന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കാത്തതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.