തളിപ്പറമ്പ്: നിയോജക മണ്ഡലത്തിൽ ഡിസംബർ 18 മുതൽ 31 വരെ സംഘടിപ്പിക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി അന്താരാഷ്ട്ര ചലച്ചിത്രമേള അരങ്ങേറും. കലാ- സാംസ്‌കാരിക- വിനോദ, വിജ്ഞാന വിസ്മയമൊരുക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവൽ ഡിസംബർ 24ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഡിസംബർ 19, 20, 21 തീയതികളിലായി സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയ്ക്ക് 19ന് വൈകിട്ട് നാലിന് തളിപ്പറമ്പിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ തിരിതെളിയിക്കും. ദേശീയ, അന്തർദേശീയ, മലയാളം വിഭാഗങ്ങളിൽ 22 സിനിമകൾ പ്രദർശിപ്പിക്കും. പ്രശസ്ത ചലച്ചിത്രകാരന്മാരും, അഭിനേതാക്കളും, പിന്നണി പ്രവർത്തകരും ചലച്ചിത്രമേളയിൽ സന്നിഹിതരാകും. 20, 21 തീയതികളിൽ പ്രേക്ഷകരും ചലച്ചിത്രകാരന്മാരും സംവദിക്കുന്ന ഓപ്പൺ ഫോറവും സംഘടിപ്പിക്കും. തളിപ്പറമ്പ ക്ലാസിക്, ആലങ്കീൽ തീയേറ്ററുകളിലായാണ് മേള അരങ്ങേറുക.
രണ്ട് തീയറ്ററുകളിലായി ആദ്യദിനം രണ്ട് പ്രദർശനങ്ങളും രണ്ടാം ദിനം അഞ്ച് പ്രദർശനങ്ങളും ചലച്ചിത്രമേളയുടെ സമാപന ദിവസം നാല് പ്രദർശനങ്ങളുമാണ് ഉണ്ടാവുക. 750 പേർക്കാണ് ചലച്ചിത്രമേളയിൽ രജിസ്‌ട്രേഷൻ ചെയ്യുവാൻ സാധിക്കുക. നവംബർ 10 മുതൽ 30 വരെ ഓൺലൈനായാണ് രജിസ്റ്റർ ചെയ്യേണ്ടത്. വാർത്താ സമ്മേളനത്തിൻ സന്തോഷ് കീഴാറ്റൂർ, ചലച്ചിത്ര സംവിധായകൻ ഷെറി ഗോവിന്ദ്, സംഘാടക സമിതി ചെയർമാൻ പി.പി മുകുന്ദൻ, മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ റിഷ്ണ എന്നിവർ പങ്കെടുത്തു.