പയ്യന്നൂർ : വെള്ളൂർ ബാങ്ക് ശതാബ്ദി നിറവിൽ. ആഘോഷ പരിപാടികളുടെ ഉൽഘാടനവും മുൻ പ്രസിഡന്റുമാരെ ആദരിക്കൽ ചടങ്ങും മന്ത്രി വി.എൻ.വാസവൻ നാളെരാവിലെ 9.30ന് ബാങ്ക് പരിസരത്ത് നിർവ്വഹിക്കും.ടി.ഐ.മധുസൂദനൻ എം.എൽ.എ.അദ്ധ്യക്ഷത വഹിക്കും. ശതാബ്ദി രൂപരേഖ ബാങ്ക് പ്രസിഡണ്ട് കെ.പി. ജ്യോതി അവതരിപ്പിക്കും.
ശതാബ്ദി ഓർമ്മ മരം വിതരണം, നഗരസഭ ചെയർപേഴ്സൻ കെ.വി.ലളിതയും, നിക്ഷേപ സമാഹരണം ജോ:രജിസ്ട്രാർ വി.രാമകൃഷ്ണനും മൊബൈൽ ബാങ്കിംഗ് ഉദ്ഘാടനം ടി.വി.രാജേഷും പലിശരഹിത വായ്പാ വിതരണം എം.കെ.ദിനേശ് ബാബുവും , ഇൻഷൂറൻസ് തുക വിതരണം കെ.പി.കുഞ്ഞിക്കണ്ണനും നിർവ്വഹിക്കും. കർഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടു കൂടി വിത്ത്, വളം വിതരണത്തിനാണ് ബാങ്കിന്റെ ആദ്യ രൂപമായ വിവിധോദ്ദേശ ഐക്യ നാണയ സംഘം 1919 നവംബർ
11 ന് കാറമേൽ പ്രദേശത്ത് ഏതാനും വ്യക്തികൾ ചേർന്ന് രജിസ്ട്രർ ചെയ്തത്. 1965 ൽ ഏതാനും സഹകാരികൾ താൽപര്യമെടുത്ത് വെള്ളൂരിലേക്ക് ഓഫീസ് മാറ്റുകയും വെള്ളൂർ സർവ്വീസ് സഹകരണ സംഘം എന്ന നിലയിൽ വളർച്ച പ്രാപിക്കുകയുമായിരുന്നു.1977 ൽ സർവ്വീസ് സഹകരണ ബാങ്കായി അപ്ഗ്രേഡ് ചെയ്യപ്പെട്ട് പ്രവർത്തനം വിപുലപ്പെടുത്തി. സർക്കാറിന്റെ വിവിധ പദ്ധതികൾ ഉപയോഗപ്പെടുത്തി കാർഷിക മേഖലയെയും , കർഷകരെയും പുരോഗതിയിലേക്ക് നയിക്കുകയും ദുർബല വിഭാഗങ്ങളെ കണ്ടെത്തി ഭവനവായ്പയും മറ്റും നൽകുകയും ചെയ്തു. ഇപ്പോൾ ക്ലാസ്സ് വൺ സൂപ്പർ ഗ്രേഡ് ബാങ്കായി വളർന്ന് വെള്ളൂരിന്റെ സമസ്ത മേഖലകളിലും ക്ഷേമ പ്രവർത്തനങ്ങളിലും ജനസ്വാധീനം ഊട്ടി ഉറപ്പിക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു .
1997 മുതൽ തുടർച്ചയായി ലാഭത്തിൽ പ്രവർത്തിച്ച് വരുന്ന ബാങ്കിന് 25355 ലക്ഷം രൂപയുടെ പ്രവർത്തന മൂലധനമുണ്ട്. കർഷകരിൽ നിന്ന് കൊപ്ര സംഭരിച്ച് സംസ്കരിച്ച് ഉൽപ്പാദിപ്പിക്കുന്ന " വെൽക്കോ " വെളിച്ചെണ്ണ ,വളം വിൽപന ഡിപ്പോ, നീതി മെഡിക്കൽ സ്റ്റോർ, നീതി പെയിന്റ് ഡിപ്പോ ,വെൽക്കോ പാർലർ തുടങ്ങിയ സ്ഥാപനങ്ങളും പ്രവർത്തിച്ച് വരുന്നുണ്ട്. " ബെസ്റ്റ് പെർഫോമൻസ് അവാർഡ് " അടക്കം നിരവധി പുരസ്കാരങ്ങൾ ബാങ്കിന് ലഭിച്ചിട്ടുണ്ട്.
കെ.പി.ജ്യോതി പ്രസിഡന്റും കെ. തങ്കമണി സെക്രട്ടറിമായുള്ള 13 അംഗ ഭരണസമിതിയാണ് ഇപ്പോൾ ബാങ്ക് പ്രവർത്തനം മുന്നോട്ട് നയിക്കുന്നത്.വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ
സി.കൃഷ്ണൻ, കെ.കെ.ഗംഗാധരൻ, കെ.പി.ജ്യോതി ,കെ.തങ്കമണി, പി.വി.ലക്ഷ്മണൻ നായർ തുടങ്ങിയവർ സംബന്ധിച്ചു.