തലശ്ശേരി: ജൂബിലി ഷോപ്പിംഗ് കോംപ്ളക്സിലെ മിക്ക മുറികളുടേയും സീലിംഗ് അടർന്ന് വീഴുന്നത് പതിവായി. ഇത് മൂലം ഇവിടത്തെ കച്ചവടക്കാരും മറ്റ്സ്ഥാപനങ്ങൾ നടത്തുന്നവരും ജോലി ചെയ്യുന്നവരും' ദൈനം ദിനം ഇടപഴകുന്നവരുമെല്ലാം അപകട ഭീതിയിലാണുള്ളത്. ഏറ്റവുമൊടുവിൽ ഇന്നലെ വൈകിട്ട് താഴെ നിലയിലുള്ള അത്തർ വിൽപന കടയുടെ മുന്നിൽ നടവഴിയിലുള്ള സീലിംഗ് അടർന്നുവീണത് പരിഭ്രാന്തിക്കിടയാക്കി. ഇടവേളയില്ലാതെ ആളുകൾ നടന്നു പോവുന്നിടത്താണ് വാർപ്പിന്റെ സിമന്റ് കട്ടകൾ ഇളകി വീണത്. തലനാരിഴക്കാണ് പലരും രക്ഷപ്പെട്ടത് . കാലവർഷക്കാലത്ത് വ്യാപകമായ ചോർച്ച അനുഭവപ്പെട്ട ഇടങ്ങളിലാണിപ്പോൾ സീലിംഗിലെ സിമന്റ് തേപ്പ്കട്ടകൾ അടർന്ന് വീഴുന്നത്. കോംപ്ളക്സിന്റെ ഒന്നും രണ്ടും നിലകളിലെ സീലിംഗ് ഭാഗത്ത് പലയിടത്തും തേപ്പ് അടർന്നതിനെ തുടർന്ന് കമ്പികൾ പുറത്താണുള്ളത്. ഭീതിതമാണ് കോംപ് ളക്സിന്റെ അകം പുറം കാഴ്ചകൾ. നഗരസഭാധികൃതർ അറ്റകുറ്റപണികൾ യഥാസമയം നടത്താത്തതിനാലാണ് പഴയ ബസ് സ്റ്റാൻഡിലെ മർമ്മ പ്രധാന സ്ഥലത്തുള്ള ജൂബിലി ഷോപ്പിംഗ് കോംപ്ളക്സിനെ ഇത്രയും പരിതാപകരമാക്കിയതെന്ന് ആക്ഷേപമുണ്ട്. നാൽപ്പതോളം വർഷത്തെ പഴക്കമുള്ള ബഹുനില കെട്ടിടത്തിൽ രണ്ട് ബാങ്കുകൾ, പ്രസ്' ഫോറം, മാദ്ധ്യമ സ്ഥാപനങ്ങൾ, ഹെൽത്ത് ഇൻസ്പെക്ടറുടെ ഓഫീസ്, ലൈബ്രറി കൗൺസിൽ ഓഫീസ്, ഇറിഗേഷൻ ഓഫീസ്, തുടങ്ങി 100ലേറെ സ്ഥാപനങ്ങളുണ്ട്. നഗരസഭയുടെ പ്രധാന വരുമാന മാർഗ്ഗം കൂടിയാണിത്.