പയ്യന്നൂർ: എം.എൽ.എയും സി.പി.എം ജില്ലാ കമ്മിറ്റിയംഗവുമായ ടി.ഐ മധുസൂദനനു നേരെ ഫോണിൽ വധഭീഷണി മുഴക്കിയ സംഭവത്തിലെ പ്രതി പൊലീസ് പിടിയിൽ. ചെറുതാഴം കൊവ്വലിലെ വിജേഷി (38) നെയാണ് കോട്ടയം മുണ്ടക്കയത്തെ ഒരു ക്ഷേത്രത്തിൽ നിന്നും പയ്യന്നൂർ പൊലീസ് പിടികൂടിയത്. ബ്രഹ്മചാരി വിജേഷ് ചൈതന്യ എന്ന പേരിൽ ക്ഷേത്രത്തിൽ പൂജാരിയായി ഒളിവിൽ കഴിയുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. ടവർ ലൊക്കേഷൻ പരിശോധിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് മുണ്ടക്കയത്തെത്തിയത്. പ്രതിയെ വെള്ളിയാഴ്ച പുലർച്ചയോടെ പയ്യന്നൂരിൽ എത്തിച്ചു.
ഒക്ടോബർ 5 നായിരുന്നു എം.എൽ.എയുടെ മൊബൈൽ ഫോണിലും സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസ് ലാൻഡ് ഫോണിലും വിളിച്ച് ഒരാൾ വധഭീഷണി മുഴക്കിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ചെറുതാഴം സ്വദേശി വിജേഷാണ് ഫോൺ ചെയ്തതെന്ന് വ്യക്തമായിരുന്നു. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ബി.ജെ.പി പ്രവർത്തകനാണ് വിജേഷെന്ന് സി.പി.എം ആരോപിച്ചിരുന്നുവെങ്കിലും ബി.ജെ.പി ഇത് നിഷേധിച്ചു. പയ്യന്നൂർ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ എസ്.ഐ പി. വിജേഷ്, എ.എസ്.ഐ അബ്ദുൾ റൗഫ്, സി.പി.ഒ പി.കെ വിജിത്ത് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.