കണ്ണൂർ: ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവൃത്തി നിശ്ചിത കാലയളവിനുള്ളിൽ പൂർത്തിയാക്കാത്ത കരാറുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജലജീവൻ മിഷൻ ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതിക്കായി സ്ഥലമേറ്റെടുക്കുന്നത് സംബന്ധിച്ച് ഭൂമിയുടെ ഫെയർ വിപണി മൂല്യത്തോടൊപ്പം വിപണി മൂല്യം കൂടി പരിഗണിച്ചു വില നിശ്ചയിക്കുന്ന കാര്യത്തിൽ ജില്ലാ കളക്ടർ പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ആകെയുള്ള 4.4 ലക്ഷം ഗ്രാമീണ വീടുകളിൽ 3.60 ലക്ഷം ഗ്രാമീണ വീടുകളിലാണ് ജലജീവൻ മിഷൻ കണക്ഷനുകൾ നൽകേണ്ടത്. പദ്ധതി ആരംഭിച്ച ശേഷം 1.26 ലക്ഷം കണക്ഷനുകളാണ് നൽകിയത്.
യോഗത്തിൽ എം.എൽ.എ മാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി സമേഷ്, ടി.ഐ മധുസൂദനൻ, എം.വിജിൻ, കെ.പി മോഹനൻ, സണ്ണി ജോസഫ്, കേരള വാട്ടർ അതോറിറ്റി എം.ഡി വെങ്കിടേശപതി, ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ, ജില്ലാ ഡെവലപ്‌മെന്റ് കമ്മീഷണർ ഡി.ആർ മേഘശ്രീ, കേരള വാട്ടർ അതോറിറ്റി (കോഴിക്കോട്) സി.ഇ ലീനകുമാരി പങ്കെടുത്തു.