പാപ്പിനിശ്ശേരി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കീച്ചേരിയിലെ നാലും കൂടുന്ന തിരക്കേറിയ കവലയിൽ വി.യു.പി. (വെഹിക്കിൾ അണ്ടർ പാസേജ് ) നിർമ്മാണം നടക്കുന്നത് കനത്ത ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. വീതിയേറിയ കീച്ചേരി കവലയിൽ തടസമില്ലാതെ പ്രവൃത്തി നടത്തേണ്ട ആവശ്യം മാത്രം പരിഗണിച്ച് റോഡിന്റെ ഇരുഭാഗവും മതിൽ കെട്ടി കുടുക്കിയിട്ടതാണ് കുരുക്കിന് കാരണം. തളിപ്പറമ്പ് ഭാഗത്തു നിന്നും കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങളും തളിപ്പറമ്പ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും കടന്നുപോകാൻ ഒരു ഇടുങ്ങിയ റോഡു മാത്രമാണ് ഇവിടെ ഒരുക്കിയത്. ഇതുവഴി വാഹനങ്ങൾ കടന്നുപോകുന്നതു തന്നെ വളരെ പാടുപെട്ടാണ്. കാൽ നടക്കാർ ജീവൻ പണയം വെച്ചു കൊണ്ടാണ് ഇതിനിടയിലൂടെ കടന്നു പോകുന്നത്.
രാവിലെയും വൈകുന്നേരങ്ങളിലും കടുത്ത വാഹനക്കുരുക്കാണിവിടെ അനുഭവിച്ചു വരുന്നത്.
വാഹനങ്ങൾ നിയന്ത്രിക്കുന്നതിനായി പൊലീസ് സംവിധാനമോ കരാറുകാരുടെ ഇടപെടലോ ഇല്ല.
കടുത്ത ഒരുക്കുണ്ടാകുമ്പോൾ കരാറുകാരുടെ ഭീമൻ വണ്ടികളും ഇതുവഴി കടന്നുപോകുന്നത് വലിയ വിനയായി മാറാൻ സാദ്ധ്യതയുണ്ടന്നാണ് നാട്ടുകാർ പറയുന്നു.
വിശാലമായ കീച്ചേരി കവലയിൽ വാഹനങ്ങൾ വൺവേയായി കടന്നുപോകാനുള്ള സൗകര്യം ഉണ്ടായിട്ടും അത്തരം സൗകര്യം ഉപയോഗപ്പെടുത്താതെ പ്രദേശത്തെ ജനങ്ങളെ വികസനത്തിന്റെ പേരിൽ വീർപ്പുമുട്ടിക്കുന്ന അവസ്ഥ ഒഴിവാക്കണം.
നാട്ടുകാർ
കുരുക്കിനിടെ അപകടവും
ദേശീയപാത വികസന പ്രവൃത്തിക്കായി ഏർപ്പെടുത്തിയ വാഹന നിയന്ത്രണക്കുരുക്കിനിടയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. വെള്ളിയാഴ്ച വൈകീട്ട് 5.30നാണ് അപകടം നടന്നത്. കണ്ണൂർ ഭാഗത്ത് നിന്നും തളിപ്പറമ്പിലേക്ക് പോകുന്ന സ്വകാര്യ ബസായ സന എതിരേ വന്ന കാറിനാണ് ആദ്യം ഇടിച്ചത്. തുടർന്ന് മുൻഭാഗത്ത് കൂടി കടന്നു പോകുന്ന ഗുഡ്സ് ഓട്ടോയിലും പിന്നീട് സമീപത്തുണ്ടായിരുന്ന ഓട്ടോ ടാക്സി ക്കും ഇടിക്കുകയായിരുന്നു. ഇതിനിടയിൽ ഗുഡ്സ് ഓട്ടോയിൽ ഉണ്ടായിരുന്ന ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.