നീലേശ്വരം: നീലേശ്വരം നഗരസഭ കോട്ടപ്പുറത്ത് നിർമ്മിച്ച ടൗൺ ഹാൾ നിർമ്മാണം അവസാന ഘട്ടത്തിൽ. എം. രാജഗോപാൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ഉപയോഗിച്ചാണ് ടൗൺ ഹാൾ നിർമ്മിച്ചത്. നഗരസഭയുടെ അധീനതയിലുള്ള സ്ഥലത്ത് 5000 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് ഹാൾ നിർമ്മാണം പൂർത്തിയായത്. 400 ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന ടൗൺ ഹാളിൽ സ്റ്റേജ്, വിശാലമായ പാർക്കിംഗ് സൗകര്യവുമുണ്ട്. കലാകാരന്മാർക്കുള്ള ഗ്രീൻ റൂം, ശൗചാലയ സൗകര്യം എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഫർണിച്ചർ, സൗണ്ട് സിസ്റ്റം എന്നിവ പൂർത്തിയവേണ്ടതുണ്ട്.
ജില്ലയിലെ സാംസ്‌കാരിക നഗരമായ നീലേശ്വരത്ത് ടൗൺഹാൾ യാഥാർത്ഥ്യമാകുന്നതോടെ സാംസ്‌കാരിക സംഘടനകൾക്ക് ടൗൺ ഹാൾ ഏറെ പ്രയോജനപ്പെടും. പുതുവർഷ ആരംഭത്തിൽ തന്നെ ഉദ്ഘാടനം ചെയ്യാനുള്ള ഒരുക്കത്തിലാണ് നഗരസഭ.
പടം : നീലേശ്വം നഗരസഭ കോട്ടപ്പുറത്ത് നിർമ്മിക്കുന്ന ടൗൺ ഹാൾ.